
കടയ്ക്ക് ഉപയോഗിച്ച് പേരിനെ ചൊല്ലിയുള്ള തർക്കം ഉത്തരാഖണ്ഡിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. മുസ്ലിം നാമധാരി നടത്തുന്ന കടയ്ക്ക് 'ബാബ' എന്ന പേരിടാൻ പറ്റില്ലെന്ന് പറഞ്ഞ് കൊണ്ട് ബജ്റംഗ്ദൾ പ്രവർത്തകർ എന്ന് അവകാപ്പെട്ടെത്തിയ ഒരു സംഘം ആളുകൾ എത്തിയതോടെയാണ് സംഘർഷാവസ്ഥ ആരംഭിച്ചത്. കഴിഞ്‍ ബുധനാഴ്ച കോട്വാർ ജില്ലയിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ വഴിയാത്രക്കാർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി.
പ്രദേശവാസിയായ ഷോയിബ് അഹമ്മദിന്‍റെ കുടുംബം നടത്തുന്ന "ബാബ സ്കൂൾ ഡ്രസ് ആൻഡ് മാച്ചിംഗ് സെന്‍ററിന് നേരെയായിരുന്നു ബജ്റംഗ്ദൾ പ്രവർത്തകർ സംഘടിച്ചെത്തിയത്. കടയ്ക്ക് ബാബ എന്ന പേര് ഉപയോഗിച്ചതിരെ. ഷോയിബ് അഹമ്മദിന്‍റെ പിതാവ് വക്കീൽ അഹമ്മദിനെ സംഘം ചോദ്യം ചെയ്തു. മുസ്ലീങ്ങൾ ബാബ എന്ന പദം ഉപയോഗിക്കരുതെന്ന് സംഘം അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. പ്രവർത്തകർ ബോർഡിൽ നിന്നും ബാബ എന്ന വാക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ പ്രദേശവാസിയായ ദീപക് കുമാർ ബജ്റംഗ്ദൾ പ്രവർത്തകരെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി.
മുസ്ലീങ്ങൾ രാജ്യത്തെ പൗരന്മാരല്ലേയെന്ന് ദീപക് ചോദിച്ചു. ഏകദേശം 30 വർഷമായി നിലനിൽക്കുന്ന ഒരു കടയുടെ പേര് പെട്ടെന്ന് മാറ്റാൻ എന്തിനാണ് കാരണമെന്ന് അദ്ദേഹം ചോദിച്ചു. ഈ സമയം ബജ്റംഗ്ദൾ പ്രവർത്തകർ ദീപക്കിനോട് പേര് ചോദിക്കുന്നതും കേൾക്കാം. മറുപടിയായി 'എന്‍റെ പേര് മുഹമ്മദ് ദീപക് ' എന്ന് അദ്ദേഹം മറുപടി പറയുന്നു. ഇതോടെ കൂടുതൽ പ്രദേശവാസികൾ ദീപക്കിനൊപ്പം ചേരുകയും ബജ്റംഗ്ദൾ പ്രവർത്തകരെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇത് ചെറിയൊരു സംഘർഷത്തിലേക്ക് നീങ്ങുന്നു. കൂടുതൽ ആളുകൾ ചോദ്യം ചെയ്യാനെത്തിയതോടെ ബജ്റംഗ്ദൾ പ്രവർത്തകർ സംഭവ സ്ഥലത്ത് നിന്നും പെട്ടെന്ന് പോകുന്നതോടെ വീഡിയോ അവസാനിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. രാജ്യത്ത് ശക്തിപ്രാപിച്ച വിഭജന രാഷ്ട്രീയത്തെ നിരവധി പേര്‍ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സംഘർഷമല്ല, സമാധാനവും സഹവർത്തിത്വവുമാണ് ഒരു രാജ്യത്തിന്‍റെ ഐശ്വര്യത്തിന് ആവശ്യമെന്ന് നിരവധി പേർ എഴുതി.
സംഘർഷത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിൽ, ദീപക് മതത്തിന്‍റെ പേരിൽ വ്യക്തികളെ ലക്ഷ്യം വയ്ക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ട് വീഡിയോ പങ്കുവച്ചു. ഹിന്ദുവായാലും മുസ്ലീമായാലും ഏതൊരു വ്യക്തിയെയും ഒറ്റപ്പെടുത്തുന്നത് തെറ്റാണെന്നും രാജ്യത്തിന്‍റെ സാമൂഹിക ഘടനയ്ക്ക് ദോഷമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. വിദ്വേഷം എളുപ്പത്തിൽ പടരുമെന്നും എന്നാൽ. സ്നേഹം തെരഞ്ഞെടുക്കുന്നതിന് ധൈര്യം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ വീഡിയോ പങ്കിടുകയും ദീപകിനെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു.