30 മിനിറ്റ് 50 കറകൾ, ലണ്ടനിൽ പാൻ തുപ്പുന്നതിനെ രൂക്ഷമായി വിമർശിച്ച് യുവതി

Published : Dec 26, 2025, 12:31 PM IST
viral video

Synopsis

ലണ്ടനിലെ വെംബ്ലിയിൽ 30 മിനിറ്റിനുള്ളിലെ നടത്തത്തില്‍ കണ്ടത് 50 പാൻ കറകൾ, യുവതിയുടെ വീഡിയോ. പൊതുജനങ്ങൾക്ക് ശല്യം, വൃത്തിയാക്കാൻ അതിലും പാട്. ബ്രെന്റ് കൗൺസിൽ ഇത് നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. 

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകയാണ് ബ്രൂക്ക് ഡേവിസ്. അടുത്തിടെ നഗരത്തിൽ വിവിധയിടങ്ങളിലായി കാണപ്പെട്ട പാൻ കറകളെ കുറിച്ച് അവർ ഒരു പോസ്റ്റ് ഷെയർ ചെയ്തു. വെംബ്ലിയിൽ നടക്കുന്നതിനിടെ വെറും 30 മിനിറ്റിനുള്ളിൽ തന്നെ ഏകദേശം 50 കറകളാണ് ഇതുപോലെ കണ്ടതെന്ന് അവർ പറയുന്നു. ബ്രൂക്കിന്റെ വൈറലായിരിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്, 'നമുക്കിനി ലണ്ടനിലെ ബ്രൗൺ കറകളെക്കുറിച്ച് സംസാരിക്കാം' എന്നാണ്. വെറ്റില, അടയ്ക്ക, പുകയില എന്നിവയുടെ മിശ്രിതമായ പാൻ തുപ്പുന്നതിലൂടെയാണ് ഈ കറകൾ ഉണ്ടാകുന്നതെന്നും താമസക്കാർക്കും ബിസിനസ്സ് ഉടമകൾക്കും ഒക്കെ ഇടയിൽ ഇത്തരം പാൻ കറകൾ ആശങ്ക ഉയർത്തിയിട്ടുണ്ടെന്ന് അവർ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്.

'ലണ്ടനിലുള്ള ഈ ഈ തവിട്ട് നിറത്തിലുള്ള കറകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ ഇന്നത്തെ ദിവസം അവ എണ്ണാനായി ചെലവഴിക്കുകയാണ്' എന്നാണ് അവർ പരിഹാസത്തോടെ വീഡിയോയിൽ പറയുന്നത്. സാധാരണയായി ദക്ഷിണേഷ്യൻ ജനങ്ങൾക്കിടയിലാണ് മുറുക്കി തുപ്പുന്ന ശീലമുള്ളത്. യുകെയിൽ പൊതുജനങ്ങൾക്ക് ഇപ്പോഴത് ശല്യമായി മാറിയിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാണുമ്പോഴുള്ള പ്രയാസം മാത്രമല്ല, ഇത് വൃത്തിയാക്കാനും പ്രയാസമാണ്. ബ്രെന്റ് കൗൺസിൽ ഇത് നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. കൗൺസിൽ പാൻ പൊതുസ്ഥലത്ത് തുപ്പുന്നത് ഒരുതരത്തിലും അനുവദിക്കില്ല എന്ന് അറിയിക്കുകയും പിഴയീടാക്കുകയും ചെയ്യുന്നുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

നവംബർ ആദ്യം, ബ്രെന്റ് കൗൺസിൽ ഇത്തരം കറകൾ നീക്കം ചെയ്യുന്നതിനായി പ്രതിവർഷം £30,000-ത്തിലധികം (36 ലക്ഷം) ചെലവഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ബ്രെന്റ് കൗൺസിൽ ഹോട്ട്‌സ്‌പോട്ടുകളിൽ പാൻ തുപ്പാതിരിക്കണമെന്ന ബാനറുകൾ സ്ഥാപിക്കുകയും ഇത് തടയാൻ വേണ്ടി പട്രോളിംഗ് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്നത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഇവ പൂർണമായും ഇല്ലായ്മ ചെയ്യാൻ വേണ്ടുന്ന പ്രവർത്തനങ്ങളും കൗൺസിൽ നടത്തുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ങേ സാന്തായുടെ കയ്യിലും തോക്കോ? ചീറിപ്പാഞ്ഞുപോയ 'സാന്തയേയും ഭാര്യ'യേയും പൊലീസ് പൊക്കി, പിന്നാലെ രസകരമായ സംഭവങ്ങൾ
'ഞാനൊരു സെലിബ്രിറ്റി, അഞ്ച് മിനിറ്റ് വഴി തടയുന്നത് കുറ്റമല്ല'; തിരക്കേറിയ റോഡ് തട‌ഞ്ഞ് മകന്‍റെ ജന്മദിനം ആഘോഷിച്ച് ബിസിനസുകാരൻ, പിന്നീട് സംഭവിച്ചത്