ഇന്ത്യൻ ഭക്ഷണം ഇഷ്ടമാണ്, പക്ഷേ പുറത്തുപോകുമ്പോൾ മണക്കാതിരിക്കാൻ ചെയ്യുന്നത്; ചർച്ചയായി പോസ്റ്റ് 

Published : Nov 26, 2024, 07:22 PM IST
ഇന്ത്യൻ ഭക്ഷണം ഇഷ്ടമാണ്, പക്ഷേ പുറത്തുപോകുമ്പോൾ മണക്കാതിരിക്കാൻ ചെയ്യുന്നത്; ചർച്ചയായി പോസ്റ്റ് 

Synopsis

തനിക്ക് ഇന്ത്യൻ ഭക്ഷണം ഇഷ്ടമാണ്. എന്നാൽ താൻ പുറത്തുപോകുമ്പോൾ അതിന്റെ മണം തന്നിലുണ്ടാകുന്നത് ഇഷ്ടമല്ല എന്നും യുവതി പറയുന്നു.

ഇന്ത്യക്കാരുടെ ഭക്ഷണത്തെ കുറിച്ച് വിദേശികൾ പറയുന്ന പ്രധാന കമന്റാണ്, അതിന്റെ മണവും മസാലയും. ഇന്ത്യയിലെ കറികളിൽ പ്രത്യേകിച്ചും നമ്മൾ ഒരുപാട് മസാലക്കൂട്ടുകൾ ചേർക്കാറുണ്ട്. മാത്രമല്ല, നല്ല മണവും ഉണ്ടാകും. എന്നാൽ, ഇന്ത്യക്കാർക്ക് ആ മണവും രുചിയും പൊതുവേ ഇഷ്ടമാണ്. പക്ഷേ, ഇന്ത്യൻ കറിയുടെ മണത്തെ കുറിച്ച് ഒരു യുവതിയിട്ട പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 

യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ കണ്ടന്റ് ക്രിയേറ്ററായ ശിവി ചൗഹാനാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കറിയുടെ മണം എങ്ങനെ ഒഴിവാക്കാം' എന്നതാണ് വീഡിയോയിൽ പറയുന്നത്. ഇന്ത്യക്കാരെ കറി മണക്കുന്നതിനെ കുറിച്ച് വിദേശികൾ സാധാരണയായി കളിയാക്കി പറയാറുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് യുവതിയുടെ പോസ്റ്റും ചർച്ചയായിരിക്കുന്നത്. യുവതിയും അത് തന്നെ ആവർത്തിക്കുകയാണ് എന്നാണ് വിമർശനം. 

താൻ വീട്ടിൽ തയ്യാറാക്കുന്ന ഇന്ത്യൻ വിഭവങ്ങളുടെ മണം തൻ്റെ വസ്ത്രങ്ങൾക്കുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ താൻ സ്വീകരിക്കുന്ന വഴികളെ കുറിച്ചാണ് യുവതി വീഡിയോയിൽ വിശദീകരിക്കുന്നത്. 

തനിക്ക് ഇന്ത്യൻ ഭക്ഷണം ഇഷ്ടമാണ്. എന്നാൽ താൻ പുറത്തുപോകുമ്പോൾ അതിന്റെ മണം തന്നിലുണ്ടാകുന്നത് ഇഷ്ടമല്ല എന്നും യുവതി പറയുന്നു. തൻ്റെ വസ്ത്രത്തിൽ നിന്നും ഇന്ത്യൻ മസാലകളുടെയും ഉള്ളിയുടെയും മണം ഒഴിവാക്കാനുള്ള തന്റെ ശ്രമങ്ങളെ കുറിച്ചും അവർ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. 

തനിക്ക് ഭക്ഷണമുണ്ടാക്കുമ്പോൾ മാത്രം ധരിക്കാനായി വസ്ത്രമുണ്ട്. ഓഫീസിൽ നിന്നും വന്നാലുടനെ തന്നെ താൻ ആ വേഷം മാറുമെന്നും ശിവി പറയുന്നു. അതുപോലെ പാകം ചെയ്യുമ്പോൾ വസ്ത്രങ്ങൾ വച്ചിരിക്കുന്ന വാർഡ്രോബുകൾ അടച്ചിടാനും അവർ പറയുന്നു. ജാക്കറ്റുകൾ ധരിച്ച് അടുക്കളയുടെ അടുത്തേക്കേ പോകരുത് എന്നും പുറത്തിറങ്ങുമ്പോൾ അപ്പോൾ തന്നെ വസ്ത്രം മാറി വേണം പോകാൻ എന്നും അവർ പറയുന്നുണ്ട്. 

എന്നാൽ, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നിരവധിപ്പേർ ഈ ടിപ്സിന് നന്ദി പറഞ്ഞിട്ടുണ്ട്. എന്നാൽ, അതേസമയം തന്നെ അതിനെ വിമർശിച്ചവരും ഉണ്ട്. ഇത് വിദേശികളുടെ കൺസെപ്റ്റാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. വൃത്തി വേണം, എന്നാൽ ഇത്രമാത്രം ജാ​ഗ്രതയോടെ ഇരിക്കേണ്ടുന്ന ആവശ്യമുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

എന്നാല്‍, അവര്‍ സഹായിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. വിദേശത്ത് ജീവിക്കുമ്പോള്‍ പുറത്തുപോകുമ്പോള്‍ ഈ മണം അരോചകമായി മാറിയേക്കാം, അതിനെന്തിനാണ് അവരെയിങ്ങനെ വിമര്‍ശിക്കുന്നത് എന്ന് കമന്‍റ് നല്‍കിയവരും ഉണ്ട്. 

PREV
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്