സാധനങ്ങൾ വാങ്ങാൻ ജയ്പൂരിലെത്തി. ന്യൂജേഴ്‌സിയിൽ നിന്നുള്ള ഡിസൈനറായ കേറ്റി പത്ത് ദിവസം കൊണ്ട് രത്നങ്ങളും തുണിത്തരങ്ങളും വാങ്ങാനായി ചിലവാക്കിയത് 54 ലക്ഷം രൂപ!

ന്യൂജേഴ്‌സിയിൽ നിന്നുള്ള ജ്വല്ലറി ഡിസൈനറാണ് കേറ്റി. കേറ്റിയുടെ 10 ദിവസത്തെ ഇന്ത്യ സന്ദർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ പുതിയ കളക്ഷനുകൾക്കായി രത്നങ്ങളും തുണിത്തരങ്ങളും ശേഖരിക്കാൻ വേണ്ടി ജയ്പൂരിലെത്തിയ കേറ്റിയുടെ യാത്രാച്ചിലവാണ് ചർച്ചകൾക്ക് കാരണം. യുവതി തന്നെയാണ് ചിലവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പത്ത് ദിവസം കൊണ്ട് 59,250 ഡോളർ (ഏകദേശം 54 ലക്ഷം രൂപയിലധികം) ആണത്രെ കേറ്റി ചിലവാക്കിയത്!

ഇങ്ങനെയാണ് കേറ്റിയുടെ ചിലവുകൾ; ന്യൂയോർക്കിൽ നിന്ന് ജയ്പൂരിലേക്കുള്ള വിമാനയാത്രയ്ക്ക് ഏകദേശം 5.5 ലക്ഷം രൂപ ($6,000). പത്ത് ദിവസത്തെ താമസത്തിനും ഭക്ഷണത്തിനുമായി 3 ലക്ഷം രൂപ ($3,250). ഏറ്റവും വലിയ തുക ചിലവായത് രത്നങ്ങളും തുണിത്തരങ്ങളും വാങ്ങുന്നതിലാണ്. രത്നങ്ങൾ, സ്വർണം, വെള്ളി, തുണിത്തരങ്ങൾ എന്നിവ വാങ്ങാനായി മാത്രം 45 ലക്ഷം രൂപ ($50,000) ചിലവിട്ടു.

View post on Instagram

'ഒരു ചെറുകിട ബിസിനസ്സ് നടത്തുക എന്നത് ഓരോ തവണയും നിങ്ങളിൽ തന്നെ വിശ്വസിച്ച് വലിയ തുക നിക്ഷേപിക്കുക എന്നതാണ്. ചിലപ്പോൾ ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്, എങ്കിലും ഞങ്ങൾ അത് ചെയ്യുന്നു' എന്നാണ് കേറ്റി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് കേറ്റിക്ക് ലഭിക്കുന്നത്. ജയ്പൂരിൽ പ്രവർത്തിക്കുന്ന മറ്റ് സംരംഭകരും ഡിസൈനർമാരുമെല്ലാം തന്നെ കേറ്റിയുടെ ധീരമായ നീക്കത്തെ അഭിനന്ദിക്കുന്നു. ഒപ്പം തന്നെ അവർക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട് പലരും. ഇനി ജയ്പൂരിൽ വരുമ്പോൾ അറിയിക്കൂ എന്നും പലരും പറഞ്ഞിരിക്കുന്നത് കാണാം. ന്യൂജേഴ്‌സിയിലെ റിഡ്‌ജ്‌വുഡിൽ 'കേറ്റി ഡയമണ്ട് സ്റ്റോർ' എന്ന പേരിൽ സ്വന്തമായി ജ്വല്ലറി ഷോപ്പ് നടത്തുകയാണ് ഇവർ.