
നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി, ഒരു ഉയർന്ന കെട്ടിടത്തിന്റെ മുപ്പത്തിയൊന്നാം നിലയിൽ താമസിച്ചാലെങ്ങനെയിരിക്കും? അതിന്റെ അനുഭവങ്ങളാണ് ഫൽഗുണി ഗുപ്ത എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നത്. വിശാലമായ നഗരക്കാഴ്ചകളും ശാന്തമായ ചുറ്റുപാടുകളും വർക്ക് ഫ്രം ഹോമും ഈ വീടിനോട് വലിയ അടുപ്പമുണ്ടാക്കിയെന്ന് ഫൽഗുണി പറയുന്നു. ‘എന്തുകൊണ്ടാണ് ഞാൻ 31-ാം നില തിരഞ്ഞെടുത്തത്? നഗരത്തിന്റെ രാത്രിവെളിച്ചങ്ങൾ മുകളിൽ നിന്ന് കാണണം, മേഘങ്ങളെ തൊട്ടറിയണം, ആ മനോഹരമായ ഹൈ-റൈസ് വ്യൂ അനുഭവിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. അതിനാൽ വ്യൂവിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഞാൻ ഈ വീട് വാടകയ്ക്ക് എടുത്തത്‘ ഫൽഗുണി വീഡിയോയിൽ പറയുന്നു.
പ്രത്യേകിച്ച് രാത്രികാലങ്ങളിലെ നഗരത്തിൻ്റെ കാഴ്ചകൾ അവിശ്വസനീയമാണ്, താൻ ആ കാഴ്ചയോട് പൂർണമായും അഡിക്ടഡ് ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ വീട് ഒഴിഞ്ഞുപോകുമ്പോൾ തനിക്ക് വലിയ വിഷമമുണ്ട്, ഈ സ്ഥലവുമായി വൈകാരികമായി അടുത്തിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി. വർക്ക് ഫ്രം ഹോം ദിവസങ്ങളിൽ ബാൽക്കണിയിലിരുന്ന് ജോലി ചെയ്ത ആ സുന്ദര നിമിഷങ്ങളാകും താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുകയെന്നും ഫൽഗുണി പറഞ്ഞു. ‘തണുത്ത കാറ്റും മഴയുമൊക്കെയായി, ബാൽക്കണിയിലിരുന്ന് മീറ്റിംഗുകൾ അറ്റൻഡ് ചെയ്യുന്നതും ചായ കുടിക്കുന്നതുമെല്ലാം വല്ലാത്തൊരു സമാധാനമാണ് നൽകുന്നത്‘ എന്നാണവൾ പറയുന്നത്.
താഴെ തെരുവുകളിലെ വാഹനങ്ങളുടെ ശബ്ദങ്ങളോ ബഹളങ്ങളോ ഒന്നും ഈ ഉയരത്തിലേക്ക് എത്തുന്നില്ല എന്നതാണ് മറ്റൊരു പ്രധാന നേട്ടമെന്ന് ഫൽഗുണി ചൂണ്ടിക്കാണിക്കുന്നു. യാതൊരുവിധ അസ്വസ്ഥതകളുമില്ലാതെ തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാനാകുമെന്നും, ഹൈ-റൈസ് ജീവിതത്തിന്റെ ആവേശം എന്താണെന്ന് താൻ ഇപ്പോൾ തിരിച്ചറിയുന്നുവെന്നും അവർ പറഞ്ഞു. ‘നഗരത്തിന് 31 നിലകൾ മുകളിൽ... എങ്കിലും സമാധാനത്തോട് കുറച്ചുകൂടി അടുത്തു‘ എന്ന ക്യാപ്ഷനോടെയാണ് ഫൽഗുണി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് വീിഡയോയ്ക്ക് കമന്റ് നൽകിയത്. യുവതിക്ക് ഇഷ്ടപ്പെടാൻ മാത്രം മനോഹരം തന്നെയാണ് ഈ 31 -ാം നിലയും അവിടെ നിന്നുള്ള വ്യൂവും എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഒഴിഞ്ഞുപോകുന്നതില്‍ വിഷമനിക്കേണ്ടെന്നും ഇതുപോലെ ഇഷ്ടപ്പെടുന്നൊരു വീട് ഇനിയും കിട്ടുമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.