ഡെൽഹിയിലെ വ്യാജ കോൾ സെന്ററിലേക്ക് 'സ്പോഞ്ച് ബോബ്' റെയ്ഡ്: വീഡിയോ വൈറലാക്കി അമേരിക്കൻ യൂട്യൂബർ

Published : Aug 12, 2026, 03:57 PM IST
viral video

Synopsis

ആദ്യം പരിഭ്രാന്തരായ ജീവനക്കാർ പിന്നീട് സംഭവം കണ്ട് ചിരിക്കാൻ തുടങ്ങിയതായി ജസ്റ്റിൻ പറഞ്ഞു. സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, സ്പോഞ്ച് ബോബ് വേഷധാരികളുടെ ബഹളത്തിന് മുന്നിൽ അവരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

വ്യാജ കോൾ സെന്ററുകൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി അമേരിക്കൻ കണ്ടന്റ് ക്രിയേറ്റർ. ഡെൽഹിയിൽ പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്ററിലേക്ക് വിചിത്രമായ രീതിയിൽ 'റെയ്ഡ്' നടത്തുന്ന വീഡിയോ പങ്കുവെച്ചാണ് 23-കാരനായ ജസ്റ്റിൻ ഹോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ 'സ്പോഞ്ച് ബോബ് സ്ക്വയർപാന്റ്സിന്റെ' വേഷമണിഞ്ഞ സംഘത്തോടൊപ്പമായിരുന്നു ജസ്റ്റിന്റെ ഈ അപ്രതീക്ഷിത സന്ദർശനം.

ഓഫീസിനുള്ളിൽ സംഗീതവും നൃത്തവും

വിദേശ രാജ്യങ്ങളിലുള്ളവരെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ഥാപനമാണിതെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് സംഘടിപ്പിച്ചതെന്ന് തായ്‌വാനീസ്-കൊറിയൻ വംശജനായ ജസ്റ്റിൻ വ്യക്തമാക്കി. കൈയിൽ കൂറ്റൻ ബോംബ്‌ബോക്‌സ് സ്പീക്കറുമായി ഓഫീസിലേക്ക് ഇരച്ചുകയറിയ സ്പോഞ്ച് ബോബ് വേഷധാരികൾ, ഉച്ചത്തിൽ പാട്ടുവെച്ച് നൃത്തം ചെയ്യുകയും ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയുമായിരുന്നു. ആദ്യം പരിഭ്രാന്തരായ ജീവനക്കാർ പിന്നീട് സംഭവം കണ്ട് ചിരിക്കാൻ തുടങ്ങിയതായി ജസ്റ്റിൻ പറഞ്ഞു. സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, സ്പോഞ്ച് ബോബ് വേഷധാരികളുടെ ബഹളത്തിന് മുന്നിൽ അവരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഓഗസ്റ്റ് 7-നായിരുന്നു ഈ സംഭവം.

സോഷ്യൽ മീഡിയയിൽ തരംഗം

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഒരൊറ്റ ദിവസം കൊണ്ട് 1.7 മില്യണിലധികം കാഴ്ചക്കാരെ നേടി തരംഗമായി മാറിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്: 'ഇവിടുത്തെ പോലീസിനേക്കാൾ ഫലപ്രദമായാണ് നിങ്ങൾ തട്ടിപ്പുകാരെ തുറന്നുകാട്ടുന്നത്' എന്ന് ഒരു യൂസർ അഭിപ്രായപ്പെട്ടു. അതേസമയം, സ്വന്തം ജോലി മാത്രം ചെയ്തിരുന്ന സുരക്ഷാ ജീവനക്കാരെ വഴിതടഞ്ഞതിനെ വിമർശിച്ചുകൊണ്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

വ്യാജ കോൾ സെന്ററുകളുടെ പ്രവർത്തനം

ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള കമ്പനികളുടെ കസ്റ്റമർ സപ്പോർട്ട് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല അനധികൃത കോൾ സെന്ററുകളും പ്രവർത്തിക്കുന്നത്. വ്യാജ പരസ്യങ്ങൾ, ഹെൽപ്പ് ലൈൻ നമ്പറുകൾ, പോപ്പ്- അപ്പ് സന്ദേശങ്ങൾ എന്നിവ വഴി വിദേശ പൗരന്മാരെ കുടുക്കി ദശലക്ഷക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഓട്ടോറിക്ഷയിൽ സൺറൂഫ്! ചിരിയടക്കാനാവാതെ യുവതി, വേറെ ലെവലെന്ന് നെറ്റിസൺസ്, വീഡിയോ വൈറൽ
ഹോ, ഡോ​ഗേഷ് ഭായ് ഒരു വിഐപി തന്നെ; തിരക്കുള്ള ട്രെയിന്‍, ശാന്തമായി ഉറങ്ങുന്ന നായ, ഉണർത്താതെ യാത്രക്കാർ