
സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന അനേകം സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കാറുണ്ട്. അത്തരത്തിലുള്ളൊരു അനുഭവമാണ് ഈ യുവതിക്കും പറയാനുള്ളത്. ചാർമിനാറിന് സമീപം രാത്രി 9 മണിയോടെ ഓട്ടോ കാത്തുനിന്ന ഹൈദരാബാദിൽ നിന്നുള്ള യുവതിയുടെ അടുത്തേക്ക് ഒരു യുവാവ് എത്തുകയായിരുന്നു. താൻ റാപ്പിഡോ ഡ്രൈവറെന്നാണ് അവകാശപ്പെട്ട് ഇയാൾ യുവതിക്ക് ലിഫ്റ്റും വാഗ്ദാനം ചെയ്തുവത്രെ. സിദ്ധേശ്വരി സുഗന്ധ് എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
താൻ ബുക്ക് ചെയ്യാതെ തന്നെ എത്തിയ ഇയാൾ റാപ്പിഡോ ഡ്രൈവറാണെന്ന് അവകാശപ്പെടുകയായിരുന്നു. തുടർന്ന് റാപ്പിഡോ ഐഡി കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഡ്രൈവർ പ്രൊഫൈൽ കാണിക്കുന്നതിന് പകരം പ്ലേ സ്റ്റോറിൽ നിന്ന് റാപ്പിഡോ ആപ്പ് ഡൗൺലോഡ് ചെയ്യാൻ തുടങ്ങുകയായിരുന്നു. വാഹനത്തിന് വ്യക്തമായ നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല.
താൻ സ്ഥിരമായി റൈഡുകൾ എടുക്കാറില്ലെന്നും അതിനാൽ നമ്പർ പ്ലേറ്റ് ഇല്ലെന്നത് പ്രശ്നമല്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. ചോദ്യം ചെയ്യൽ തുടർന്നപ്പോൾ വണ്ടി സ്റ്റാർട്ട് ആകുന്നില്ലെന്ന വിചിത്രമായ മറുപടിയും നൽകി. സ്റ്റാർട്ടാകുന്നില്ലെങ്കിൽ പിന്നെന്തിനാണ് തനിക്ക് റൈഡ് വാഗ്ദാനം ചെയ്തതെന്ന് യുവതി ചോദ്യം ചെയ്തു. ഇതിനിടയിൽ ഇയാളുടെ ഫോൺ വാങ്ങി നോക്കിയപ്പോൾ സ്ക്രീനിലൊരു ഒടിപി പേജ് തെളിഞ്ഞു കാണാൻ കഴിഞ്ഞു. ഒടുവിൽ പേര് പറയാൻ ആവശ്യപ്പെട്ട ശേഷം ഇയാളോട് അവിടെനിന്ന് പോകാൻ യുവതി ആവശ്യപ്പെടുകയായിരുന്നു.
താൻ പതിവായി റാപ്പിഡോ ഓട്ടോകളും കാറുകളും ഉപയോഗിക്കാറുണ്ടെന്നും പ്രത്യേകിച്ചും രാത്രികാലങ്ങളിൽ ഈ പ്ലാറ്റ്‌ഫോം സുരക്ഷിതമായി തോന്നിയിട്ടുണ്ടെന്നും സിദ്ധേശ്വരി പറഞ്ഞു. ഈ സംഭവത്തിൽ റാപ്പിഡോയെ കുറ്റപ്പെടുത്തുന്നില്ല, മറിച്ച് തന്റെ വിശ്വാസം നേടിയെടുക്കാൻ കമ്പനിയുടെ പേര് എങ്ങനെ അയാൾ ദുരുപയോഗം ചെയ്തു എന്ന് വ്യക്തമാക്കാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും യുവതി പറഞ്ഞു.
'രാത്രി 9 മണിക്ക് യാതൊരു ബുക്കിംഗോ വെരിഫിക്കേഷനോ ഇല്ലാതെ ഒരു സ്ത്രീയെ സമീപിക്കാൻ ഇയാൾക്കെങ്ങനെ ഇത്ര ആത്മവിശ്വാസം ഉണ്ടായെന്നതാണ് എന്നെ യഥാർത്ഥത്തിൽ ഞെട്ടിച്ചത്' എന്നും അവർ എഴുതി. ബുക്കിംഗ് ഇല്ലാതെ ആരെങ്കിലും റൈഡ് വാഗ്ദാനം ചെയ്താൽ വാഹനത്തിൽ കയറുന്നതിന് മുൻപ് ആപ്പിലൂടെ ഡ്രൈവറുടെയും റൈഡിന്റെയും വിവരങ്ങൾ വെരിഫൈ ചെയ്യണമെന്നും അവർ പറയുന്നു.
സംഭവം ശ്രദ്ധയിൽപ്പെടുത്തിയതിന് റാപ്പിഡോ സിദ്ധേശ്വരിക്ക് നന്ദി പറഞ്ഞു. ആപ്പിലൂടെ ക്യാപ്റ്റന്റെയും റൈഡിന്റെയും വിവരങ്ങൾ പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്നും, യാത്രയുടെ തുടക്കത്തിൽ ഷെയർ ചെയ്യുന്ന ഒടിപി ശരിയായ വാഹനത്തിലാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.