
ന്യൂയോർക്കിലെ ഒരു ശാന്തമായ ഒരു കൊച്ചുപട്ടണം. അവിടെ വഴിയാത്രക്കാരെയും പൊലീസിനെയും ഒരുപോലെ വട്ടംകറക്കി നാല് ദിവസം നാലുവയസ്സുകാരി പശുവിന്റെ പരാക്രമം. 'മാഗി' എന്ന് പേരുള്ള പശുവാണ് ഫാമിൽ നിന്ന് ചാടിപ്പോയി ജനവാസ മേഖലയിലൂടെ ഓടിയത്. ന്യൂയോർക്ക് പോസ്റ്റ് ഉൾപ്പടെയുള്ള മാധ്യമങ്ങളാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
ന്യൂയോർക്കിലെ കർമൽ എന്ന സ്ഥലത്തുള്ള 'ലിറ്റിൽ കാബിൻസ് ഫാം' എന്ന സ്ഥാപനത്തിൽ നിന്നാണ് മാഗി ഓടിപ്പോയത്. എന്തോ കണ്ട് പേടിച്ച പശു ഫാമിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തുടർന്ന് പ്രദേശത്തെ റോഡുകളിലൂടെ ഓടിയ പശുവിനെ കണ്ട വഴിയാത്രക്കാർ അത്ഭുതത്തോടെയാണ് ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. 'ദൈവമേ, ഇതൊരു പശുവാണ്! അത് എന്റെ കാറിന് നേർക്കാണ് ഓടിവരുന്നത്' എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിൽ ആളുകൾ വിളിച്ചുപറയുന്നത് കേൾക്കാം.
ആശയങ്ങളുടെ ഉത്സവം- അഗോറയിൽ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പശുവിനെ പിടികൂടാൻ ലോക്കൽ പോലീസും ഷെറീഫ് ഡെപ്യൂട്ടിമാരും സ്റ്റേറ്റ് ട്രൂപ്പർമാരും ഉൾപ്പെടെ വൻ പൊലീസ് സന്നാഹം തന്നെ രംഗത്തിറങ്ങി. സിനിമാരംഗം പോലെ പട്രോൾ കാറിന്റെ ജനലിലൂടെ പുറത്തേക്ക് ആഞ്ഞുനിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കയർ എറിഞ്ഞ് പശുവിനെ കുരുക്കാൻ നോക്കിയെങ്കിലും മാഗി സാമർത്ഥ്യത്തോടെ ഒഴിഞ്ഞുമാറി ഓട്ടം തുടരുകയായിരുന്നു.
മാഗിയെ അടുത്തിടെയാണ് മസാച്യുസെറ്റ്സിൽ നിന്ന് ഈ ഫാമിലേക്ക് കൊണ്ടുവന്നത് അതിന്റെ പരിചയക്കുറവും ഉണ്ടായിരുന്നു. എന്തായാലും, ഭക്ഷണസാധനങ്ങൾ കാണിച്ച് ആകർഷിച്ച് പശുവിനെ പിടികൂടാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
ഒടുവിൽ നാല് ദിവസത്തെ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പശുവിനെ സുരക്ഷിതമായി പിടികൂടാൻ കഴിഞ്ഞത്. മാഗി ഇപ്പോൾ ഫാമിൽ തിരിച്ചെത്തിയെന്നും തന്റെ കിടാവിനോടൊപ്പം സുരക്ഷിതയായിരിക്കുന്നുവെന്നും ഫാമിന്റെ ഉടമകളിലൊരാളായ മരിയാന ബ്രോഫി അറിയിച്ചു. പേടിച്ചുപോയ പശു കാട്ടിലേക്ക് കയറിപ്പോയതിനാലാണ് പിടികൂടാൻ നാല് ദിവസമടുത്തതെന്നും അവർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ മാഗിയുടെ ഓട്ടത്തിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.