
എത്ര പറഞ്ഞാലും തീരില്ല, അത്രയും കഠിനമാണ് പല കോർപറേറ്റ് സ്ഥാപനങ്ങളിലെയും ചൂഷണവും തൊഴിലാളി വിരുദ്ധ നയങ്ങളും. അതിന് തെളിവാകുന്ന എത്രയെത്രയോ സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ തന്നെ ആളുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഹവായിയിലെത്തിയ ഭർത്താവിനെ കമ്പനി വീഡിയോ കോളിലൂടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായിട്ടാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. എക്സ് (ട്വിറ്റർ) ൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 17 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
താനും ഭർത്താവും കോർപ്പറേറ്റ് മേഖലയിൽ മുഴുവൻ സമയ ജീവനക്കാരാണ്, ഈ യാത്രയ്ക്കായി മാസങ്ങളോളം കഠിനാധ്വാനം ചെയ്താണ് പണം സമ്പാദിച്ചത് എന്നും യുവതി പറയുന്നു. വളരെ മനോഹരമായ ഒരു റിസോർട്ടിലാണ് തങ്ങൾ താമസിക്കുന്നത്. ഭർത്താവ് അവധിയിലാണെന്ന് കമ്പനിക്ക് കൃത്യമായി അറിയാം. എന്നിട്ടും, ഇത്തരമൊരു സമയത്ത് പിരിച്ചുവിട്ട മാനേജ്‌മെന്റിന്റെ ക്രൂരതയെ യുവതി രൂക്ഷമായി വിമർശിച്ചു. 'രാവിലെ ഏകദേശം 9 മണിയോടെയാണ് ഭർത്താവിന് മാനേജരുടെ അപ്രതീക്ഷിത കോൾ വരുന്നത്. ഉടൻ തന്നെ ടീംസ് മീറ്റിംഗിൽ ജോയിൻ ചെയ്യണം എന്ന് ബോസ് ആവശ്യപ്പെടുകയായിരുന്നു' എന്ന് യുവതി പറയുന്നു.
വീഡിയോ കോൾ മീറ്റിംഗിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ, യാതൊരു ദാക്ഷിണ്യവുമില്ലാതെ ഭർത്താവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി യുവതി ആരോപിക്കുന്നു. 'അദ്ദേഹം ടീംസ് മീറ്റിംഗിൽ കയറി, മിനിറ്റുകൾക്കകം അദ്ദേഹത്തെ പുറത്താക്കി. തിങ്കളാഴ്ച വരെ അവർക്ക് കാത്തിരിക്കാമായിരുന്നില്ലേ? ഒന്നും സംഭവിക്കാത്തതുപോലെ ഇനി എങ്ങനെ ഞങ്ങൾക്ക് ഈ അവധിക്കാലം ആസ്വദിക്കാൻ കഴിയും? ഈ കോർപ്പറേറ്റ് ലോകത്തിന് ഒട്ടും മനുഷ്യത്വമില്ല' എന്നാണ് ഏറെ നിരാശയോടെ യുവതി പറയുന്നത്.
Her husband is fired in the middle of a vacation. pic.twitter.com/iXuz5uaYOa
— Dr.L (@DrAlmarielao) July 16, 2026
വീഡിയോ വൈറലായതോടെ കമ്പനിയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. നിരവധി ആളുകൾ ദമ്പതികൾക്ക് പിന്തുണയുമായി രംഗത്തെത്തി. അവധി ദിവസങ്ങളിൽ കമ്പനിയിൽ നിന്നുള്ള കോളുകളോ മെസ്സേജുകളോ ഇമെയിലുകളോ ഒന്നും തന്നെ നോക്കരുത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതുപോലെ, ഒരു കോർപറേറ്റ് കമ്പനിയേയും വിശ്വസിക്കരുത് എന്നും എത്രയും പെട്ടെന്ന് മറ്റൊരു ജോലി നോക്കൂവെന്നും അഭിപ്രായപ്പെട്ടവരുണ്ട്.