നെഞ്ച് തകരുന്നതുപോലെ തോന്നും; ഒരിക്കൽ പഠിക്കാൻ വന്ന അതേ ക്യാംപസിൽ സെക്യൂരിറ്റി ​ഗാർഡായി യുവാവ്

Published : Jul 18, 2026, 09:46 AM IST
viral video

Synopsis

താൻ ഒരിക്കൽ പഠിക്കാൻ വന്ന അതേ സ്ഥലത്ത് ഒരു സെക്യൂരിറ്റി യൂണിഫോമിൽ നിൽക്കുമ്പോൾ നെഞ്ച് തകരുന്ന അവസ്ഥയാണെന്നാണ് യുവാവ് പറയുന്നത്. 'ഇപ്പോൾ എന്നെത്തന്നെ ഒരു ഗാർഡിന്റെ വേഷത്തിൽ കാണുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. ഇവിടുത്തെ വിദ്യാർത്ഥികളെ കാണുമ്പോൾ, എനിക്ക് ഉള്ളിൽ കരച്ചിൽ വരും. വിധി എന്നെ എവിടെക്കൊണ്ടാണ് എത്തിച്ചതെന്ന് ഓർത്തുപോകാറുണ്ട്' എന്ന് യുവാവ്.

എല്ലാവർക്കും സ്വന്തം സ്വപ്നത്തിനനുസരിച്ച് ജീവിക്കാനുള്ള അവസരം കിട്ടണമെന്നില്ല. എത്ര പരിശ്രമിച്ചാലും എത്ര തന്നെ ആ​ഗ്രഹിച്ചാലും ഇഷ്ടമുള്ള ജീവിതം ഉപേക്ഷിച്ച് നിസ്സഹായത കൊണ്ട് മറ്റൊരു ജീവിതം ജീവിക്കേണ്ടി വരുന്ന ഒരുപാടുപേർ നമുക്ക് ചുറ്റുമുണ്ട്. അതുപോലെ, ഒരിക്കൽ പഠിക്കാൻ ഏറെ ആ​ഗ്രഹത്തോടെയെത്തിയ അതേ ക്യാമ്പസിൽ തന്നെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യേണ്ടി വന്ന ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം സ്പർശിക്കുന്നത്. സാഹിൽ എന്ന യുവാവാണ് സെക്യൂരിറ്റി ​ഗാർഡായ യുവാവിന്റെ കഥ പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഏത് കോളേജിൽ പഠിക്കാനാണോ വന്നത്, ഇന്ന് അവിടെത്തന്നെ ഗാർഡ് ജോലി ചെയ്യുകയാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കോളേജിലെ സെക്യൂരിറ്റി ഗാർഡുമായി സാഹിൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. താൻ ഒരിക്കൽ പഠിക്കാൻ വന്ന അതേ സ്ഥലത്ത് ഒരു സെക്യൂരിറ്റി യൂണിഫോമിൽ നിൽക്കുമ്പോൾ നെഞ്ച് തകരുന്ന അവസ്ഥയാണെന്നാണ് യുവാവ് പറയുന്നത്. 'ഇപ്പോൾ എന്നെത്തന്നെ ഒരു ഗാർഡിന്റെ വേഷത്തിൽ കാണുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പലപ്പോഴും ഇവിടുത്തെ വിദ്യാർത്ഥികളെ കാണുമ്പോൾ, എനിക്ക് ഉള്ളിൽ കരച്ചിൽ വരും. വിധി എന്നെ എവിടെക്കൊണ്ടാണ് എത്തിച്ചതെന്ന് ഓർത്തുപോകാറുണ്ട്' എന്ന് യുവാവ് പറയുന്നു.

കോളേജിൽ ബി.ടെക് പ്രവേശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ക്രമേണ മോശമായതോടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. 3D ആനിമേഷനിൽ താല്പര്യമുണ്ടായിരുന്നിട്ടും പണമില്ലാത്തതിനാൽ ആ സ്വപ്നവും ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും 3D Studio Max, Cinema 4D, ZBrush തുടങ്ങിയ പ്രൊഫഷണൽ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യാൻ തനിക്ക് നല്ല അറിവുണ്ടെന്ന് അദ്ദേഹം പറയുന്നു. ക്യാമ്പസിലെ വിദ്യാർത്ഥികൾ പലപ്പോഴും തന്നെ കാണാറുണ്ടെന്നും, ഈ കഴിവ് കൈവിട്ടു കളയാതെ മുന്നോട്ട് പോകാൻ അവർ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ വൈറലായതോടെ യുവാവിന് പിന്തുണയുമായി നിരവധി ആളുകളാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'ഒരിക്കലും തോറ്റുകൊടുക്കരുത്' എന്നും എല്ലാം ഒരുനാൾ ശരിയാകുമെന്നും അനേകങ്ങളാണ് അദ്ദേഹത്തോട് പറയുന്നത്. ആ യുവാവിന്റെ സ്വപ്നങ്ങൾ ഒരുനാൾ പൂവണിയട്ടെ അല്ലേ?

PREV
Read more Articles on
click me!

Recommended Stories

'എന്തൊരു അനുസരണ'; ബെംഗളൂരുവിൽ സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടന്ന് തെരുവുനായ്ക്കൾ; വൈറലായി ഡാഷ്‌ക്യാം ദൃശ്യം
'എനിക്ക് എല്ലാം തന്ന എന്‍റെ ഹീറോയ്ക്ക്...'; അച്ഛന്‍റെ 50 -ാം പിറന്നാളിന് മകളുടെ അപൂർവ സമ്മാനം; വികാരനിർഭരമായ വീഡിയോ വൈറൽ