
തണുപ്പ് അതി കഠിനമായ മാസങ്ങളിൽ റഷ്യൻ വീടുകളുടെ ജനലുകൾ അടഞ്ഞു കിടക്കും. കാരണമെന്തെന്ന് ആലോചിച്ചിട്ടുണ്ടോ...? ഈ സമയങ്ങളില്‍ ജനലുകൾ തുറക്കാത്തതിന്‍റെ കാരണം വ്യക്തമാക്കി റഷ്യൻ പൗരൻ പങ്കുവെച്ച വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. തുറസായ പ്രദേശങ്ങളിൽ എത്ര പെട്ടെന്നാണ് മഞ്ഞുരൂപപ്പെടുന്നതെന്ന് ഈ ദൃശ്യങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.
അന്തരീക്ഷ താപനില വളരെയധികം താഴുകയും കാറ്റ് ശക്തമാവുകയും ചെയ്യുന്നതിനാൽ, അൽപ്പനേരത്തെ തുറന്നുവെയ്ക്കലിൽ പോലും പെട്ടെന്ന് തന്നെ മഞ്ഞ് രൂപപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. ജനൽ തുറക്കുമ്പോൾ, അടച്ചിട്ട സ്ഥലത്തേക്ക് തണുത്തുറഞ്ഞ വായു അതിവേഗം അടിച്ചു കയറുന്നു. പിന്നാലെ ജനലിന്‍റെ അരികുകളിൽ മഞ്ഞ് കുന്നു കൂടുന്നതും വീഡിയോയിൽ കാണാം. ഇതിനുപുറമേ തണുത്ത വായു നാം പ്രതീക്ഷിക്കുന്നതിൽ നിന്നും എത്ര വ്യത്യസ്തമാണെന്നും അദ്ദേഹം കാണിച്ചു തരുന്നുണ്ട്.
തണുത്തുറഞ്ഞ കാലാവസ്ഥയിൽ, ജനലുകൾ അടച്ചിടുന്നത് സുഖസൗകര്യത്തിനുപരിയായി താപം നിലനിർത്താൻ അത്യാവശ്യമാണെന്ന് ഈ ദൃശ്യങ്ങൾ കണ്ടാൽ നമുക്ക് മനസ്സിലാകും. ഊർജ്ജനഷ്ടം കുറയ്ക്കാനും അപകടകരമായ തണുത്ത കാറ്റ് ഒഴിവാക്കാനുമുള്ള പ്രധാന വഴിയുമാണിത്. റഷ്യയിലെ പല പ്രദേശങ്ങളിലും അതിശൈത്യം മാസങ്ങളോളം നിലനിൽക്കാറുണ്ട്. എന്തായാലും റഷ്യയിലെ അതി ശൈത്യ സാഹചര്യങ്ങൾ വിവരിച്ചു കൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. വളരെയേറെ തണുപ്പുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും മിതമായ കാലാവസ്ഥയിൽ ജീവിക്കുന്നവർക്ക് ഇത് പലപ്പോഴും ആശ്ചര്യകരമാണെന്ന് ദൃശ്യങ്ങൾ കണ്ടവർ പറയുന്നു. കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ താപനില കുറയുമ്പോൾ ജനലുകൾ അടച്ചിടുന്നത് പോലുള്ള ലളിതമായ ദൈനംദിന കാര്യങ്ങൾക്ക് പിന്നിലെ പ്രായോഗിക കാരണങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി ഈ വീഡിയോ.