
കണ്ടാൽ കണ്ണ് നനഞ്ഞു പോകുന്ന അനേകം വീഡിയോകൾ ഓരോ നിമിഷവും നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതൊക്കെ മിക്കതും സ്നേഹം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ആയിരിക്കും. ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹമായിരിക്കാം. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള സ്നേഹമായിരിക്കാം. കാമുകീ കാമുകന്മാർ തമ്മിലുള്ളതാവാം, സഹോദരങ്ങളുടേതോ കൂട്ടുകാരുടേതോ ആകാം. എന്തായാലും, അത്തരത്തിലുള്ള അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
ഒരു വിവാഹച്ചടങ്ങാണ് വീഡിയോയിലുള്ളത്. വരന്റെ പ്രസംഗം തുടങ്ങാൻ പോവുകയാണ്. ബെൻ എന്നാണ് വരന്റെ പേര്. വധുവിന്റെ പേര് സോഹീ എന്നും. വധു കൊറിയക്കാരിയാണ്. വരൻ വിദേശിയും. തന്റെ പ്രണയിനിയും ഭാര്യയാകാൻ പോകുന്നവളുമായ സോഹിയോടുള്ള ആദരവും സ്നേഹവും കാണിക്കുന്നതിനായി ഒരു വർഷത്തോളം ബെൻ രഹസ്യമായി കൊറിയൻ ഭാഷ പഠിച്ചെടുത്തു. ആ ഭാഷയിലാണ് ബെൻ തന്റെ പ്രസംഗം നടത്തുന്നതും. വെറും ഹായ്, ഹലോ എന്ന് മാത്രമല്ല. വളരെ നന്നായി കൊറിയൻ ഭാഷ യുവാവ് പഠിച്ചെടുത്തിട്ടുണ്ട്.
കൊറിയക്കാരിയായ സോഹിയെ പ്രണയിക്കുമ്പോൾ അവളുടെ വീട്ടുകാരും ബന്ധുക്കളും തന്നെ സ്വീകരിക്കില്ലേ എന്ന് ഭയമുണ്ടായിരുന്നു. എന്നാൽ, ആ ഭയമെല്ലാം അസ്ഥാനത്തായിരുന്നു. വളരെ ഊഷ്മളമായ ഹൃദയത്തോടെ അവർ തന്നെ സ്വീകരിച്ചു എന്ന് ബെൻ പറയുന്നത് കേൾക്കാം. ഒപ്പം, കൊറിയൻ പഠിക്കുന്നത് സോഹിയിൽ നിന്നും മറച്ചുവയ്ക്കുന്നതിനായി നടത്തിയ ശ്രമങ്ങളെ കുറിച്ചും യുവാവ് വിശദീകരിക്കുന്നുണ്ട്.
എന്തായാലും, ബെന്നിന്റെ ഈ നീക്കം സോഹിയുടെ വീട്ടുകാരെയാകെ അമ്പരപ്പിക്കുകയും അവരുടെ മനസ് ആർദ്രമാക്കുന്നതുമായി. ബെന്നിന്റെ പ്രസംഗത്തിനിടയിൽ അവളുടെ വീട്ടുകാർ എഴുന്നേറ്റ് അയാളെ ആശ്ലേഷിക്കുന്നതും കാണാം. സോഹി ഇടയ്ക്കിടെ കണ്ണീരൊപ്പുന്നതും വീഡിയോയിലുണ്ട്. എന്തായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വീഡിയോ യൂട്യൂബിൽ പങ്കിട്ടതെങ്കിലും ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ അത് ശ്രദ്ധിക്കപ്പെടുകയാണ്.