
ചിലിയിലെ സാന്‍റിയാഗോ വിമാനത്താവളത്തിൽ ഇറങ്ങാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ലാറ്റം എയർലൈൻസിന്‍റെ വിമാനത്തിൽ മിന്നലേറ്റു. യാത്രക്കാരെ ഭീതിയിലാഴ്ത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിമാനത്തിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റില്ലെന്നത് വലിയ ആശ്വാസമായി. വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറങ്ങുകയും ചെയ്തെന്ന് റിപ്പോർട്ട്.
ഒക്ടോബർ 20 -നാണ് സംഭവം. വടക്കൻ ചിലിയിലെ അന്‍റോഫഗാസ്റ്റയിൽനിന്ന് തലസ്ഥാനമായ സാന്‍റിയാഗോയിലേക്ക് സർവീസ് നടത്തിയ LA 341 വിമാനമാണ് ഇടിമിന്നലിനിടെ അപകടസാഹചര്യം നേരിട്ടത്. ചിലിയിലെ മെട്രോപൊളിറ്റൻ മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ട സമയത്തായിരുന്നു സംഭവമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോയിലാണ് മിന്നലേറ്റ നിമിഷം വ്യക്തമായി പതിഞ്ഞത്. പെട്ടെന്ന് കാബിനിൽ ശക്തമായ വെളിച്ചം മിന്നുകയും വലിയ ശബ്ദം കേൾക്കുകയും ചെയ്തു. അപ്രതീക്ഷിത സംഭവത്തിൽ യാത്രക്കാർ ഞെട്ടുന്നതും ഭയന്ന് വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
⚡✈️ UN RAYO IMPACTÓ A UN AVIÓN DE LATAM EN PLENO VUELO: NO HUBO HERIDOS
Un impactante video registró el momento en que un rayo alcanzó a un avión de LATAM Airlines que viajaba desde Antofagasta hacia Santiago de Chile este martes, en medio de una fuerte tormenta eléctrica.
La descarga provocó un estruendo y un destello que iluminó el interior de la aeronave, lo que generó temor entre los pasajeros. El episodio ocurrió minutos antes del aterrizaje en la capital chilena y rápidamente se viralizó en las redes sociales.
Pese al susto, no hubo personas lesionadas y el avión aterrizó con normalidad en el Aeropuerto Arturo Merino Benítez.
Desde LATAM explicaron que se trata de un fenómeno meteorológico para el que las aeronaves están diseñadas y certificadas. Además, cuentan con sistemas que permiten disipar las descargas eléctricas de manera segura.
📹 El momento quedó registrado por uno de los pasajeros.
— Hechos y Derecho (@Hechosanderecho) October 21, 2026
സംഭവത്തെക്കുറിച്ച് ലാറ്റം എയർലൈൻസ് ഗ്രൂപ്പ് പിന്നീട് വിശദീകരണ കുറിപ്പെഴുതി. ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങളെ നേരിടാൻ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുകയും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. മിന്നലിൽനിന്നുള്ള വൈദ്യുതപ്രവാഹം സുരക്ഷിതമായി പുറത്തേക്ക് കടത്തിവിടാൻ വിമാനങ്ങളിൽ പ്രത്യേക സംവിധാനങ്ങളുണ്ടെന്നും കമ്പനി വ്യക്തമാക്കി. മിന്നലേറ്റിട്ടും വിമാനം സാധാരണ നിലയിൽ സാന്‍റിയാഗോയിലെ ആർതുറോ മെറിനോ ബെനിറ്റസ് വിമാനത്താവളത്തിൽ ഇറങ്ങി. എല്ലാ യാത്രക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയതായും കമ്പനി സ്ഥിരീകരിച്ചു. വിമാനത്തിൽ മിന്നലേൽക്കുന്നത് ഭയപ്പെടുത്തുന്ന അനുഭവമാണെങ്കിലും, അതുകൊണ്ടുമാത്രം വിമാനം തകരണമെന്നില്ല. ആധുനിക വിമാനങ്ങൾ ഇത്തരം വൈദ്യുതാഘാതങ്ങൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തവയാണ്.