
ഡെൽഹിയിലെ പ്രശസ്തമായ സ്വരൺ ജയന്തി പാർക്കിൽ (ജാപ്പനീസ് പാർക്ക്) വെച്ച് യുവതിക്ക് നേരെ യുവാവ് നടത്തിയ ക്രൂരമായ ശാരീരിക അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. പ്രണയത്തിലാണെന്ന് കരുതപ്പെടുന്ന ഇരുവരും തമ്മിലുള്ള തർക്കമാണ് പരസ്യമായ മർദ്ദനത്തിൽ കലാശിച്ചത്.
പാർക്കിലെ ബെഞ്ചിലിരുന്ന് സംസാരിക്കുന്നതിനിടയിലാണ് ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടായത്, ഇതിനിടെ യുവാവ് യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സമീപത്തിരുന്ന് ഇത് കാണുകയായിരുന്ന ഒരു വ്യക്തിയാണ് അക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. താൻ ദൃശ്യങ്ങൾ പകർത്തി തുടങ്ങുന്നതിന് മുൻപ് യുവാവ് യുവതിയെ 30 മുതൽ 40 തവണയെങ്കിലും തല്ലിയിട്ടുണ്ടെന്ന് വീഡിയോ എടുത്ത വ്യക്തി വെളിപ്പെടുത്തി. വീഡിയോയിൽ ദേഷ്യത്തോടെ തട്ടിക്കയറുന്ന യുവാവ് യുവതിയുടെ മുഖത്തടിക്കുന്നത് വ്യക്തമായി കാണാം.
വീഡിയോ വൈറലായതോടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഓൺലൈനിൽ ഉയരുന്നത്. പങ്കാളികൾ തമ്മിലുള്ള അധിക്ഷേപകരമായ പെരുമാറ്റത്തെ 'സ്വകാര്യ വിഷയം' എന്ന് പറഞ്ഞ് തള്ളിക്കളയുന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. മർദ്ദനം നടക്കുമ്പോൾ ചുറ്റും ആളുകൾ ഉണ്ടായിരുന്നിട്ടും ആരും ഇടപെടാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. വീഡിയോ കണ്ടവർ ഡെൽഹി പോലീസിനെ ടാഗ് ചെയ്യുകയും യുവാവിനെതിരെ കേസെടുത്ത് കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഇതുവരെ ഔദ്യോഗികമായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ടോ എന്നോ, ഉൾപ്പെട്ട വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നോ വ്യക്തമല്ല. ഏതായാലും യുവാവിനെതിരെ പൊലീസ് കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.