
വിദേശികൾക്ക് ഇന്ത്യൻ ഭക്ഷണത്തിലെ എരിവ് ആദ്യം അല്പം പ്രയാസമുണ്ടാക്കാറുണ്ട്. 'ഭയങ്കര സ്പൈസിയാണ് ഇന്ത്യൻ ഫുഡ്' എന്നാണ് സ്വതവേ അവരുടെ പരാതി. എന്നാൽ, കുറച്ചു കാലം ഇവിടെ കഴിഞ്ഞാൽ അവർ ഇന്ത്യക്കാരേക്കാൾ നന്നായി ആ ഭക്ഷണം ആസ്വദിക്കുന്ന കാഴ്ചയും നമുക്ക് കാണാനാവും. അത്തരത്തിൽ രസകരമായ ഒരു അനുഭവമാണ് പീറ്റർ ക്രിസ്റ്റൻസൺ എന്ന ഡാനിഷ് യുവാവിനും പങ്കുവെക്കാനുള്ളത്. ബെംഗളൂരുവിലെ ഡെന്മാർക്ക് കോൺസുലേറ്റിൽ ഇന്റേൺഷിപ്പിനായി എത്തിയ പീറ്ററിന്, ആറുമാസം കൊണ്ട് ഭക്ഷണശീലങ്ങളിൽ വന്ന മാറ്റത്തെ കുറിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
ആദ്യ ദിവസങ്ങളിൽ കടുത്ത എരിവ് അനുഭവപ്പെട്ടിരുന്നെങ്കിലും പിന്നീട് അതെങ്ങനെ മാറി എന്നാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയുടെ തുടക്കത്തിൽ, ആദ്യമായി മസാല ദോശ കഴിക്കുന്ന പീറ്ററെ കാണാം. എരിവ് കാരണം കഷ്ടപ്പെടുന്നതും, സ്പൂണും ഫോർക്കും ഉപയോഗിച്ച് ദോശ കഴിക്കാൻ പാടുപെടുന്നതും വീഡിയോയിലുണ്ട്. എന്നാൽ, ആറു മാസത്തിന് ശേഷമുള്ള മാറ്റം ആരെയും അതിശയിപ്പിക്കുന്നതാണ്. സ്പൂണും ഫോർക്കും ഉപേക്ഷിച്ച് ഇന്ത്യക്കാരെ പോലെ കൈകൊണ്ട് ദോശ കഴിക്കാൻ പീറ്റർ പഠിച്ചതായി വീഡിയോയിൽ കാണാം. ആദ്യം 'മസാല ദോശ' എന്ന് പറയാൻ ബുദ്ധിമുട്ടിയ പീറ്റർ ഇപ്പോൾ കൃത്യമായി തന്നെയാണ് മസാല ദോശ ഓർഡർ ചെയ്യുന്നത്. വെറുമൊരു മസാല ദോശയല്ല, 'ഒരു നെയ്യ് പൊടി മസാല ദോശ, നല്ല എരിവിൽ വേണം' എന്നാണ് പീറ്റർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. 'ഇവൻ നമ്മുടെ മുത്താണ്' എന്ന രീതിയിലുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നതും കാണാം. 'ആറുമാസം കൊണ്ട് പുള്ളി പക്കാ ഇന്ത്യൻ ആയി മാറി', 'ബെംഗളൂരുവിലെ സ്പൈസ് ടെസ്റ്റ് ഇദ്ദേഹം പാസ്സായിരിക്കുന്നു', 'ഒരു വിദേശിയായി വന്ന് ഒരു ഇന്ത്യക്കാരനായി മടങ്ങിപ്പോകുന്നു' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ബെംഗളൂരുവിലെ ഇന്നൊവേഷൻ സെന്റർ ഡെന്മാർക്ക് ആണ് ഈ ഹൃദ്യമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.