ലക്ഷങ്ങൾ ശമ്പളമുണ്ടായിരുന്ന ഐടി ജോലികൾ ഉപേക്ഷിച്ച് പൂർണ്ണസമയ കണ്ടന്‍റ് ക്രിയേഷനിലേക്ക് കടന്ന മുസ്കാൻ മിത്തൽ, ആശിഷ് ഗുപ്ത എന്നീ ദമ്പതികൾ തങ്ങളുടെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ പുറത്തുവിട്ടു. 2025-ൽ യൂട്യൂബ്, ഫേസ്ബുക്ക് മോണിറ്റൈസേഷൻ, ഡിജിറ്റൽ പ്രൊഡക്റ്റുകൾ എന്നിവയിലൂടെ 1.09 കോടി രൂപ വരുമാനം നേടിയതായി ഇവർ വെളിപ്പെടുത്തി.

ക്ഷങ്ങൾ ശമ്പളമുണ്ടായിരുന്ന ഐടി ജോലികൾ ഉപേക്ഷിച്ച് പൂർണ്ണസമയ കണ്ടന്‍റ് ക്രിയേഷനിലേക്ക് കടന്ന ദമ്പതികൾ തങ്ങളുടെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ പുറത്തുവിട്ടത് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. ടെക് ജീവനക്കാരായിരുന്നപ്പോഴുള്ള വരുമാനവും നിലവിലെ വരുമാനവും താരതമ്യം ചെയ്ത് മുസ്കാൻ മിത്തൽ, ആശിഷ് ഗുപ്ത എന്നീ ദമ്പതികൾ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ വൈറലായത്.

വിയറ്റ്നാം യാത്രയിൽ തുടങ്ങിയ വിജയം

വിയറ്റ്നാം യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇവരുടെ കണ്ടന്‍റ് ക്രിയേഷൻ യാത്രയ്ക്ക് തുടക്കമാകുന്നത്. ആദ്യ വീഡിയോയ്ക്ക് തന്നെ ഇരുപതിനായിരത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. നിലവിൽ യാത്രകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും വീഡിയോകൾ ചെയ്യുന്നതെങ്കിലും റിലേഷൻഷിപ്പ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും ഇവർ പങ്കുവെക്കാറുണ്ട്. പൂർണ്ണസമയ കണ്ടന്‍റ് ക്രിയേഷൻ ജീവിതശൈലിയെക്കുറിച്ച് നിരന്തരം ഫോളോവേഴ്സ് ചോദിക്കാറുള്ള സംശയങ്ങൾക്ക് മറുപടിയായാണ് വരുമാനത്തിന്‍റെ കൃത്യമായ കണക്കുകൾ വ്യക്തമാക്കുന്ന വീഡിയോ ഇരുവരും പുറത്തുവിട്ടത്.

View post on Instagram

ഐടി ശമ്പളവും കണ്ടന്‍റ് ക്രിയേഷനും

കണ്ടന്‍റ് ക്രിയേഷനിലേക്ക് കടക്കുന്നതിന് മുൻപ് ആശിഷ് പ്രതിവർഷം 12 ലക്ഷം രൂപ ഇൻ-ഹാൻഡ് ശമ്പളത്തിൽ ഡാറ്റാ അനലിസ്റ്റായും, മുസ്കാൻ പ്രതിവർഷം 23 ലക്ഷം രൂപ ശമ്പളത്തിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായും ജോലി ചെയ്യുകയായിരുന്നു. 2023 മേയിലാണ് പാർട്ട് ടൈമായി ഇവർ വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയത്. അതേവർഷം ഒക്ടോബറിൽ 15,000 രൂപയുടെ ആദ്യ പെയ്ഡ് കോളാബറേഷൻ ലഭിച്ചു. ആദ്യ വർഷം പാർട്ട് ടൈമായി തന്നെ 6.5 ലക്ഷം രൂപ ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചു.

വർദ്ധിച്ച വരുമാനവും മാറ്റങ്ങളും

2024 -ൽ ജോലികൾ ഉപേക്ഷിച്ച് ഇരുവരും പൂർണ്ണസമയ കണ്ടന്‍റ് ക്രിയേറ്റർമാരായി മാറി. വർഷത്തിൽ ഐടി മേഖലയിൽ നിന്ന് ലഭിച്ചിരുന്ന 35 ലക്ഷം രൂപയെന്ന ആകെ ശമ്പളത്തേക്കാൾ കൂടുതൽ, അതായത് 45.3 ലക്ഷം രൂപ ഇവർ സമ്പാദിച്ചു. ബ്രാൻഡ് ഏജൻസികളുമായുള്ള സഹകരണവും അഫിലിയേറ്റ് മാർക്കറ്റിംഗും ഗ്രൂപ്പ് ട്രിപ്പുകൾ സംഘടിപ്പിച്ചതുമാണ് വരുമാനം ഉയർത്തിയത്. തുടർന്ന് 2025 -ലാണ് ഇവർ തങ്ങളുടെ ഏറ്റവും ഉയർന്ന വരുമാനം നേടിയത്. തങ്ങളെ വേണ്ടത്ര പരിഗണിക്കാതിരുന്ന ഏജൻസിയെ ഒഴിവാക്കുകയും, യൂട്യൂബ് - ഫേസ്ബുക്ക് മോണിറ്റൈസേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വന്തമായി ഡിജിറ്റൽ പ്രൊഡക്റ്റുകൾ വിൽക്കാൻ തുടങ്ങുകയും ചെയ്തതോടെ വരുമാനം 1.09 കോടി രൂപയായി ഉയർന്നു. 2026 -ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം 21.6 ലക്ഷം രൂപ ഇവർ നേടിക്കഴിഞ്ഞു. കണ്ടന്‍റ് ക്രിയേഷൻ മേഖല ഒരു സീസണൽ ഇൻഡസ്ട്രിയാണെന്നും, ഈ കണക്കുകളിൽ തങ്ങളുടെ യാത്രാ ചെലവുകളോ മറ്റ് പ്രവർത്തന ചെലവുകളോ ഉൾപ്പെട്ടിട്ടില്ലെന്നും ഇരുവരും വീഡിയോയിലൂടെ വ്യക്തമാക്കുന്നു.