
ചൂട് ദിവസങ്ങളിൽ ചില്ലായി ഒരു ബിയർ കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ, അത് കൃത്യസമയത്തും കൃത്യസ്ഥലത്തും വച്ച് വേണം വാങ്ങിക്കഴിക്കാൻ. മദ്യപിക്കാൻ വേണ്ടിയും മദ്യപിച്ചും മറ്റുള്ളവരെ നാം ബുദ്ധിമുട്ടിക്കരുത് അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
നോയിഡയിലാണ് സംഭവം നടന്നത്. നോയിഡയിലെ സെക്ടർ 41 -ലെ അഘാപൂരിലായിരുന്നു സംഭവം. ഇവിടെ തിരക്കേറിയ റോഡിന്റെ മധ്യത്തിൽ ഒരാൾ തന്റെ കാർ പാർക്ക് ചെയ്ത ശേഷം ബിയർ വാങ്ങാനായി പോവുകയായിരുന്നു. റെഡ് സിഗ്നൽ ഉള്ള സമയത്താണ് ഇയാൾ കാർ നിർത്തി മദ്യം വാങ്ങാൻ പോയത്. എന്നാൽ, ഗ്രീൻ സിഗ്നൽ തെളിഞ്ഞിട്ടും ഇയാൾ തിരികെ എത്തിയില്ല. തുടർന്ന് ഇയാളുടെ വാഹനത്തിന്റെ പിന്നിൽ ഉണ്ടായിരുന്ന മറ്റ് വാഹനങ്ങൾ തുടരെ ഹോണടിക്കുന്നതും വീഡിയോയിൽ കാണാം.
മാത്രമല്ല, ഗ്രീൻ സിഗ്നലായിട്ടും പല വാഹനങ്ങൾക്കും കടന്നു പോകാൻ കഴിയാതെ ഇയാളുടെ വാഹനത്തിന്റെ പിന്നിൽ നിൽക്കേണ്ടി വന്നു. ഇതോടെ ദേഷ്യം വന്ന മറ്റൊരു യാത്രക്കാരനാണ് സംഭവം വീഡിയോയിൽ പകർത്തിയത്. വീഡിയോയിൽ തിരക്കേറിയ റോഡിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് കാണാം. അതിന്റെ മുന്നിലും പിന്നിലുമായി ഒരുപാട് വാഹനങ്ങൾ വേറെയും നിർത്തിയിട്ടിട്ടുണ്ട്.
ഗ്രീൻ സിഗ്നൽ വന്നതോടെ ആളുകൾ അസ്വസ്ഥരാവുകയാണ്. പിന്നാലെ അവർ തുടരെത്തുടരെ ഹോണടിച്ചു. എങ്കിലും കാറിന്റെ ഉടമ വരികയോ കാറെടുത്ത് മാറ്റുകയോ ചെയ്യുന്നതായി കാണുന്നില്ല.
പിന്നാലെ, റോഡിൽ നിന്നും അധികം ദൂരത്തല്ലാതെ നിൽക്കുന്നൊരു ബിയർ ഷോപ്പും വീഡിയോയിൽ കാണിക്കുന്നതായി കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നോയിഡ ട്രാഫിക് പൊലീസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു. ഗതാഗത തടസ്സം സൃഷ്ടിച്ചതിനും റോഡ് നിയമങ്ങൾ ലംഘിച്ചതിനും ഡ്രൈവർക്ക് 2,500 രൂപ പിഴ ചുമത്തുകയും ചെയ്തു.