ലോറി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ഡ്രൈവര്‍; പാടത്ത് പട‍ർന്ന എണ്ണ ശേഖരിക്കുന്ന തിരക്കില്‍ ഗ്രാമീണര്‍, വീഡിയോ

Published : Jun 03, 2025, 10:26 PM IST
ലോറി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ഡ്രൈവര്‍; പാടത്ത് പട‍ർന്ന എണ്ണ ശേഖരിക്കുന്ന തിരക്കില്‍ ഗ്രാമീണര്‍, വീഡിയോ

Synopsis

അപകടത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും ഗ്രാമീണരുടെ ശ്രദ്ധ എത്രയും പെട്ടെന്ന് പരമാവധി എണ്ണ ശേഖരിക്കുക എന്നതിലായിരുന്നു. 

ഉത്തര്‍പ്രദേശിലെ അമേട്ടിയില്‍ സംസ്കരിച്ച എണ്ണയുമായി പോവുകയായിരുന്ന ടാങ്ക‍ർ ലോറി പാടത്തേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ട് ഓടിക്കൂടിയ ജനക്കൂട്ടം പരിക്കേറ്റ ഡ്രൈവറെ ശ്രദ്ധിക്കാതെ പാടത്ത് പരന്നൊഴുകിയ എണ്ണ ശേഖരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചൊവ്വാഴ്ച (ഇന്ന്) രാവിലെ വാരണാസി ലക്നൗ ഹൈവേയിലുള്ള കഥോര ഗ്രാമത്തിലാണ് അപകടം നടന്നത്. 

എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോകളില്‍ പാടത്ത് നിന്നും ബക്കറ്റ് അടക്കമുള്ള പലതരം പാത്രങ്ങളിലേക്ക് എണ്ണ ശേഖരിക്കുന്ന നിരവധി പേരെ കാണാം. 'ഉത്തർപ്രദേശ്: ശുദ്ധീകരിച്ച എണ്ണയുമായി പോവുകയായിരുന്ന ടാങ്കര്‍ അമേട്ടി ജില്ലയില്‍ മറിഞ്ഞു. ജനങ്ങൾ മണ്ണില്‍ നിന്നും ശുദ്ധീകരിച്ച എണ്ണ പാത്രങ്ങളിലേക്ക് നിറയ്ക്കുകയും അതുമായി പോവുകയും ചെയ്തു' വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ തമാശ കുറിപ്പുകളുമായി സമൂഹ മാധ്യമ ഉപയോക്താക്കളുമെത്തി. പാടത്ത് വെറുതേ പോകുന്ന എണ്ണ നാട്ടുകാരെടുത്തെന്ന് വച്ച് കുഴപ്പമൊന്നുമില്ല. അത് നഷ്ടപ്പെടാതെ ഉപയോഗിക്കപ്പെടുമല്ലോയെന്നായിരുന്നു ഒരു എക്സ് കുറിപ്പ്. ലോറി അപകടത്തില്‍പെട്ട് ഏറെ നേരം കഴിഞ്ഞതാണ് ഡ്രൈവറെ ആശുപത്രിയിലെത്തിക്കാന്‍ ചിലരെങ്കിലും തയ്യാറായത്. 

 

'ഉത്തർപ്രദേശിൽ രൂക്ഷമായ തൊഴിലില്ലായ്മയും അനിശ്ചിതത്വവുമാണ്. അത് കാരണം ജനങ്ങൾ എന്ത് ചെയ്യും? പാവങ്ങൾ നിസഹായരാണ്. അവര്‍ എവിടെ പോകും? അവരെന്ത് കഴിക്കും ? ഇത് ബലപ്രയോഗത്തിന് പുറത്താണ്.' മറ്റൊരു കുറിപ്പില്‍ യുപിയുടെ രാഷ്ട്രീയ സാമൂഹികാവസ്ഥ കൂടി വിവരിച്ചു.  'ഇന്ത്യയിലെ ജനസംഖ്യാവര്‍ദ്ധനവ് അര്‍ത്ഥമാക്കുന്നത് വളര്‍ച്ചയുടെ ഗുണഫലങ്ങൾ വളരെ നേര്‍ത്തതായിരിക്കുമെന്നാണ്. മാത്രമല്ല, എല്ലാ ദിവസവും യാഥാര്‍ത്ഥ്യവും സാമ്പത്തിക കണക്കുകളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് കൊണ്ടേയിരിക്കും.' മറ്റൊരു കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. വീഡിയോയ്ക്ക് താഴെ വന്ന മിക്ക കുറിപ്പുകളും രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയെയും സാധാരണക്കാര്‍ നേരിടുന്ന അരക്ഷിതാവസ്ഥയെയും ചൂണ്ടിക്കാണിക്കുന്നതായിരുന്നു. 
 

 

PREV
Read more Articles on
click me!

Recommended Stories

കണ്ണ് നനഞ്ഞ് ഇന്ത്യൻ ഡെലിവറി ബോയ്, ഞാൻ നിങ്ങളെ സന്തോഷിപ്പിക്കട്ടെ എന്ന് ജർമ്മൻ യൂട്യൂബർ, ഹൃദയത്തെ തൊടുന്ന വീഡിയോ
'അപ്പോ എങ്ങനാ 30 പേർക്ക് ഭക്ഷണം പാകം ചെയ്യുമോ?' ചോദ്യം കാർഡിയാക് സർജനായ യുവതിയോട്, അറേഞ്ച്ഡ് മാര്യേജിലെ 'ടോക്സിക്' സങ്കൽപ്പങ്ങൾ, വീഡിയോ