
സഹോദരി കൊറിയർ അയച്ചുനൽകിയ രാഖി സ്വയം കെട്ടുന്നതിന് പകരം, ആ രാഖിയുമായി നേരിട്ട് ചെന്ന് സഹോദരിയെ അമ്പരപ്പിച്ച ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. സിദ്ധാർത്ഥ് ആനന്ദ് എന്ന യുവാവാണ് വീഡിയോ പങ്കുവച്ചത്. രാഖി ലഭിച്ചയുടൻ ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച്, സഹോദരിയുടെ ഡാൻസ് ക്ലാസിലെത്തിയാണ് യുവാവ് സമ്മാനം നൽകിയത്.
സഹോദരി ബെംഗളൂരുവിൽ നിന്ന് കൊറിയർ വഴിയാണ് തനിക്ക് രാഖി അയച്ചുനൽകിയതെന്ന് സിദ്ധാർത്ഥ് പറയുന്നു. എന്നാൽ, അപ്പോൾ തന്നെ അതൊരു വലിയ സർപ്രൈസ് ആക്കി മാറ്റാൻ യുവാവ് തീരുമാനിക്കുകയായിരുന്നു. 'അവൾ എനിക്ക് ബെംഗളൂരുവിൽ നിന്ന് കൊറിയർ വഴി രാഖി അയച്ചു. എന്നാൽ ഇപ്പോൾ ഞാൻ ആ രാഖിയുമായി ബെംഗളൂരുവിലേക്ക് പോകുകയാണ്' എന്ന് സിദ്ധാർത്ഥ് പറയുന്നു. തുടർന്ന് ബാഗ് പാക്ക് ചെയ്ത് എയർപോർട്ടിലേക്ക് പോകുന്നതും ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ കയറുന്നതുമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
'എന്റെ അറിവനുസരിച്ച് ചേച്ചി ഇപ്പോൾ ഡാൻസ് ക്ലാസിലാണ്. അതുകൊണ്ട് വീട്ടിലേക്ക് പോകാതെ ഞാൻ നേരെ ഡാൻസ് ക്ലാസിലേക്ക് പോവുകയാണ്' സിദ്ധാർത്ഥ് പറയുന്നു. സഹോദരിയുടെ ഡാൻസ് ക്ലാസിന് മുന്നിലെത്തിയ സിദ്ധാർത്ഥ് അവിടെവെച്ച് അവരെ അമ്പരപ്പിച്ചു. പെട്ടെന്ന് മുന്നിൽ സഹോദരനെ കണ്ട നിമിഷം ചേച്ചി സന്തോഷം കൊണ്ട് ഓടിയെത്തി കെട്ടിപ്പിടിക്കുന്ന കാഴ്ചയാണ് വീഡിയോയുടെ ഹൈലൈറ്റ്. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും വാത്സല്യവും വിളിച്ചോതുന്നതായിരുന്നു ഈ രംഗം. 'അവളുടെ മുഖത്തെ ആ സന്തോഷം ഈ പ്ലാൻ മുഴുവൻ വിജയമാക്കി' എന്ന ക്യാപ്ഷനോടെയാണ് സിദ്ധാർത്ഥ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സഹോദരിയുടെ മുഖത്തെ സന്തോഷം കണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. 'അവളുടെ റിയാക്ഷൻ വിലമതിക്കാനാവാത്തതാണ്' എന്നാണ് ഒരാൾ കുറിച്ചത്. 'ഇതുപോലൊരു രാഖി സർപ്രൈസ് വേറെയില്ല' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.