ഒടുവിൽ കൊച്ചുമകൻ ആ ആ​ഗ്രഹം നിറവേറ്റി, 84 -കാരി മുത്തശ്ശിക്ക് ആദ്യ വിമാനയാത്ര!

Published : May 17, 2026, 02:25 PM IST
viral video

Synopsis

വിമാനത്തിൽ യാത്ര ചെയ്യണമെന്ന 84 -കാരിയായ മുത്തശ്ശിയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം നിറവേറ്റിക്കൊടുത്ത് കൊച്ചുമകൻ. ആദ്യ വിമാനയാത്രയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

ലളിതമായൊരു ആഗ്രഹം എങ്ങനെ ജീവിതകാലം മുഴുവൻ ഓർത്തുവെക്കാവുന്ന മനോഹരമായൊരു ഓർമ്മയായി മാറ്റാമെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കൊച്ചുമകനും മുത്തശ്ശിയും. വിമാനത്തിൽ യാത്ര ചെയ്യണമെന്ന 84 -കാരി മുത്തശ്ശിയുടെ നാളുകളായുള്ള വലിയൊരു സ്വപ്നമാണ് കൊച്ചുമകൻ സാക്ഷാത്കരിച്ചത്. അർണബ് എന്ന യുവാവാണ്, പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ തന്റെ മുത്തശ്ശി നടത്തിയ ആദ്യ വിമാനയാത്രയുടെ ഹൃദയസ്പർശിയായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

തനിക്ക് മുന്നിലായി വിമാനത്താവളത്തിലൂടെ നടന്നുപോകുന്ന മുത്തശ്ശിയെ അർണബ് ക്യാമറയിൽ പകർത്തുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ ഇത്രയധികം തരംഗമാകുമെന്ന് അവർ അപ്പോൾ കരുതിയിരുന്നില്ല. 'തന്റെ സ്വപ്നത്തിന് 22 വർഷത്തെ കാത്തിരിപ്പ് വേണ്ടി വന്നപ്പോൾ, അവരുടെ ആദ്യ വിമാനയാത്രയ്ക്ക് 84 വർഷമെടുത്തു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തുടർന്ന് ഇൻഡിഗോ വിമാനത്തിന്റെ പടവുകൾ പതുക്കെ കയറി, ഒട്ടും പരിഭ്രമമില്ലാതെ ശാന്തമായി വിമാനത്തിനുള്ളിലേക്ക് മുത്തശ്ശി പ്രവേശിക്കുന്നത് വീഡിയോയിൽ കാണാം.

വിമാനം ആകാശത്തേക്ക് ഉയർന്നതോടെ, ജനലിലൂടെ പുറത്തെ കാഴ്ചകൾ അത്ഭുതത്തോടെ നോക്കിക്കാണുന്ന മുത്തശ്ശിയുടെ ഭാവമാണ് ആളുകളുടെ മനസ്സ് നിറച്ചത്. പലരും ഈ രംഗത്തെ അതീവ ഹൃദ്യമെന്നാണ് വിശേഷിപ്പിച്ചത്. യാത്രയ്ക്കിടയിലെ മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയുടെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിന് മുന്നിൽ നിന്ന് അഭിമാനത്തോടെ പുഞ്ചിരിച്ചു നിൽക്കുന്നതും, കൊച്ചുമകനൊപ്പം സന്തോഷത്തോടെ സെൽഫിയെടുക്കുന്നതുമായ ചിത്രങ്ങൾ ഇതിലുണ്ട്.

 

 

ഇതൊരു വെറും വിമാനയാത്ര മാത്രമല്ല, പതിറ്റാണ്ടുകളായി മനസ്സിൽ കൊണ്ടുനടന്ന തന്റെ മുത്തശ്ശിയുടെ സ്വപ്നം ഒരു കൊച്ചുമകൻ നെഞ്ചേറ്റിയതിന്റെ നേർച്ചിത്രമാണ്. മുത്തശ്ശിയുടെയും കൊച്ചുമകന്റെയും ബന്ധത്തിന്റെ ആഴം ഓർമ്മിപ്പിക്കുന്ന ഈ മനോഹര വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കാണുകയും തങ്ങളുടെ സ്നേഹം കമന്റുകളിലൂടെ അറിയിക്കുകയും ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

പോലീസുകാരനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വിചാരണ തടവുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. സംഭവം പഞ്ചാബിൽ
നോക്കി നിൽക്കെ ഹിമപാതത്തിൽ മൂടി ഏവറസ്റ്റ് ബേസ് ക്യാമ്പ്; ഭയപ്പെടുത്തുന്ന വീഡിയോ!