
മലയോരങ്ങളിലും മറ്റും യാത്ര പോകുമ്പോൾ കഴിക്കാനുള്ള ബെസ്റ്റ് ഓപ്ഷനായി പലരും കാണുന്നത് മാഗിയെയാണ്. നല്ല ചൂടുള്ള മാഗി കഴിച്ചാൽ മൊത്തത്തിൽ യാത്രാക്ഷീണമൊക്കെ മാറി ഒന്ന് ഉഷാറാകും. എന്നാൽ, ഇങ്ങനെ മാഗി വിൽക്കുന്നതിലൂടെ നല്ലൊരു തുക സമ്പാദിക്കാനാവുമെന്ന് തെളിയിക്കുകയാണ് ഈ കണ്ടന്റ് ക്രിയേറ്റർ. ഡെൽഹി സ്വദേശിയായ ദേവാൻഷ് ത്യാഗി എന്ന യുവാവാണ് ഇങ്ങനെ മാഗി വിറ്റാൽ എത്ര രൂപ വരെ നേടാനാവുമെന്ന് ഒരു പരീക്ഷണം നടത്തിയത്. അതിനായി യുവാവ് താൽക്കാലികമായിട്ടുള്ള ഒരു സ്റ്റാൾ ഒരുക്കിയിരിക്കുന്നത് കാണാം. പിന്നാലെ, അതുവഴി കടന്നുപോകുന്ന വിനോദസഞ്ചാരികൾക്കും ട്രെക്കിംഗ് നടത്തുന്നവർക്കും മാഗി വിൽക്കുന്നതാണ് കാണുന്നത്.
നൂഡിൽസ് പാക്കറ്റുകൾ, പാചകത്തിനുള്ള സാമഗ്രികൾ, മടക്കാവുന്ന മേശകൾ, പ്ലാസ്റ്റിക് കസേരകൾ എന്നിവയുമായിട്ടാണ് ത്യാഗി സ്ഥലത്തെത്തുന്നത്. മലനിരകൾക്ക് അഭിമുഖമായി ഒരു ചെറിയ സ്റ്റാൾ പോലെ തയ്യാറാക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. സ്റ്റാൾ തുറന്ന ഉടൻ തന്നെ സഞ്ചാരികൾ മലനിരകളുടെ ഭംഗി ആസ്വദിച്ച് ചൂടുള്ള മാഗി കഴിക്കാനായി ഇവിടെ നിൽക്കുകയാണ്. ത്യാഗി തന്നെയായിരുന്നു ഓരോ ഓർഡറുകളും തയ്യാറാക്കിയിരുന്നത്. ഒരു പ്ലേറ്റ് സാധാരണ മാഗിക്ക് 100 രൂപയും ബട്ടർ മാഗിക്ക് 120 രൂപയുമായിരുന്നു വില.
ചലഞ്ചിനൊടുവിൽ, ഈ സ്റ്റാളിൽ നിന്നും ഒരു ദിവസം കൊണ്ട് 24,000 രൂപ വരുമാനമുണ്ടായതായി ത്യാഗി അവകാശപ്പെട്ടു. 112 മില്ല്യണിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. മലമുകളിൽ മാഗി വിൽക്കുന്നത് സാധാരണ കോർപ്പറേറ്റ് ജോലികളേക്കാൾ ലാഭകരമാണെന്നാണ് പലരും തമാശയായി കമൻ്റ് ചെയ്തത്.
ഈ ജോലിയൊക്കെ ഉപേക്ഷിച്ച് വല്ല മലമുകളിലും മാഗി വിൽക്കാൻ പോയാലോ എന്നാണ് ആലോചന എന്ന് കമന്റ് ചെയ്തവരും കുറവല്ല. എന്നാൽ, അതേസമയം തന്നെ ഈ 24,000 രൂപ എന്നത് മൊത്തം കിട്ടിയ തുക മാത്രമാണെന്നും യഥാർത്ഥ ലാഭമല്ലെന്നും ചിലർ ചൂണ്ടിക്കാണിച്ചു. സാധനങ്ങൾ വാങ്ങുന്നതിന്റെയും അവിടെ എത്തിച്ചേരുന്നതിന്റെയും ഒക്കെ ചെലവുകൾ കണക്കിലെടുക്കണമെന്നും ആളുകൾ കമന്റ് ചെയ്തു. അതേസമയം, അരുവിയിൽ നിന്നും വെള്ളമെടുത്താണ് മാഗി തയ്യാറാക്കിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി വിമർശിച്ചവരുമുണ്ട്.