
പരീക്ഷകളിൽ മാർക്ക് കുറഞ്ഞുപോയതിന് കുട്ടികളെ വ്ലലാതെ കുറ്റപ്പെടുത്തുന്ന അനേകം രക്ഷിതാക്കളുണ്ട്. ഇത് അവരുടെ ആത്മവിശ്വാസത്തെ മുറിവേല്പിച്ചേക്കാം, താൻ ഒന്നിനും കൊള്ളാത്ത ഒരാളാണ് എന്നും മറ്റ് കുട്ടികളേക്കാൾ മോശപ്പെട്ട ആളാണ് എന്ന തോന്നലും അവരിലുണ്ടാക്കിയേക്കാം. എന്നാൽ, അങ്ങനെയല്ലാത്ത രക്ഷിതാക്കളും ഈ ലോകത്തുണ്ട്. അത് കാണിച്ചുതരുന്നൊരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പത്താം ക്ലാസ് പരീക്ഷയിൽ 55% മാർക്ക് വാങ്ങിയ മകന് സർപ്രൈസ് പാർട്ടി ഒരുക്കി മാതൃകയായിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള ഈ കുടുംബം.
കുട്ടിയെ വഴക്കുപറയുന്നതിനോ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നതിനോ പകരം, അവൻ വീട്ടിലേക്ക് കടന്നുവന്നപ്പോൾ വലിയ ആവേശത്തോടെയും കൈയടിയോടെയുമാണ് കുടുംബാംഗങ്ങൾ അവനെ സ്വീകരിച്ചത്. തുടർന്ന് കുട്ടിയുടെ പരീക്ഷാഫലത്തിന്റെ രൂപത്തിൽ പ്രത്യേകം തയ്യാറാക്കിയ കേക്ക് അവനെ കൊണ്ട് മുറിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
രുഖ്‌സാർ പട്ടേൽ എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ഈ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കേക്ക് ബോക്സ് തുറക്കുമ്പോൾ കുട്ടിയുടെ മാർക്ക് ലിസ്റ്റ് പ്രിന്റ് ചെയ്ത കേക്കാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഇംഗ്ലീഷിന് 57, മറാത്തിക്ക് 44, ഹിന്ദിക്ക് 56, ഗണിതത്തിന് 59, സോഷ്യൽ സയൻസിന് 44 എന്നിങ്ങനെയാണ് അവന്റെ മാർക്കുകൾ. 500 -ൽ മൊത്തം 276 മാർക്ക് (55.20%) അവൻ നേടിയിട്ടുണ്ട്. തുടർന്ന് കുട്ടി സന്തോഷത്തോടെ കേക്ക് മുറിക്കുന്നതും കുടുംബം അവനെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
നിരവധിപ്പേരാണ് ഈ കുട്ടിയെയും കുടുംബത്തെയും അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'എല്ലാ മാതാപിതാക്കളും കുട്ടികളുടെ വിജയം ഇങ്ങനെയാണ് ആഘോഷിക്കേണ്ടത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. '84% മാർക്ക് വാങ്ങിയിട്ട് പോലും എനിക്ക് വീട്ടിൽ നിന്ന് ഈ ബഹുമാനം കിട്ടിയിട്ടില്ല' എന്നായിരുന്നു മറ്റൊരാളുടെ സങ്കടം. 'പത്താം ക്ലാസിൽ 95 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 94.8 ശതമാനവും ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ഇതുപോലൊരു സ്നേഹം കിട്ടിയിട്ടില്ല' എന്ന് മറ്റൊരാൾ കമന്റ് നൽകി.
കമന്റുകൾക്ക് മറുപടിയായി കുട്ടിയുടെ അമ്മ രുഖ്‌സാർ കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു; 'എന്നെ സംബന്ധിച്ച് എന്റെ മകന്റെ 55 മാർക്ക് എന്നത് 85 അല്ലെങ്കിൽ 95 മാർക്കിനേക്കാൾ വലുതാണ്. നല്ലതോ ചീത്തയോ പറഞ്ഞ് അവനെ നമ്മൾ വിഷമിപ്പിക്കുന്നതിനേക്കാൾ വലിയതാണ് അവന്റെ മനസ്സ്. അവൻ മറ്റാരെക്കാളും കുറഞ്ഞവനാണെന്ന് സ്വയം വിചാരിക്കരുത്, അവനെ എപ്പോഴും സന്തോഷത്തോടെ നിർത്തണം. പരീക്ഷയുടെ പേരിൽ കുട്ടികളെ വഴക്കുപറഞ്ഞ് അവരെ നഷ്ടപ്പെടുത്തിയ ഒട്ടനവധി മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്'. അമ്മയുടെ കമന്റിനും വലിയ പ്രശംസയാണ് കിട്ടിയത്.