
സാധാരണയായി കോർപ്പറേറ്റ് ജോലിയിൽ മിക്കവാറും നെഗറ്റീവ് വാർത്തകളാണ് വരാറുള്ളത്. സ്ഥാപനത്തിലെ പീഡനവും അധികജോലിയും എല്ലാം അതിൽ പെടും. എന്നാൽ, അതിന് നേരെ ഓപ്പോസിറ്റായിട്ടുള്ളൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുള്ള ഒരു യുവതിയാണ് ഈ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ കഷ്ടപ്പെട്ട് നേടിയ മെഡലുകൾ സാധാരണ ഒരു പ്ലാസ്റ്റിക് ഹാങ്ങറിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ട്, സർപ്രൈസായി ഒരു 'കസ്റ്റമൈസ്ഡ് മെഡൽ ഹാങ്ങർ' സമ്മാനിച്ച തന്റെ മാനേജറെക്കുറിച്ചാണ് ഷാലു എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
തന്റെ മെഡലുകൾ ഒരു പ്ലാസ്റ്റിക് ഹാങ്ങറിൽ തൂക്കിയിട്ടുകൊണ്ടുള്ള ഒരു റീൽ ഷാലു ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. മാത്രമല്ല, അതേക്കുറിച്ച് ഷാലു അധികം ചിന്തിച്ചതുമില്ല. എന്നാൽ, തിങ്കളാഴ്ച ഓഫീസിലെത്തിയ ഷാലുവിനെ കാത്തിരുന്നത് വലിയൊരു സർപ്രൈസ് ആയിരുന്നു. ഷാലുവിന്റെ പേരിന്റെ ഇനിഷ്യൽ കൊത്തിയ മനോഹരമായ ഒരു കസ്റ്റമൈസ്ഡ് മെഡൽ ഹാങ്ങറുമായാണ് മാനേജർ ഓഫീസിലെത്തിയത്. 'ഇത്രയും മെഡലുകൾ കഷ്ടപ്പെട്ട് നേടിയെടുത്ത നിനക്ക് അത് ഭംഗിയായി സൂക്ഷിക്കാൻ ഇതിലും നല്ലൊരു സ്ഥലത്തിന് അർഹതയുണ്ട്' എന്ന് പറഞ്ഞാണ് മാനേജർ അത് സമ്മാനിച്ചത്.
ഈ അപ്രതീക്ഷിത സമ്മാനം ഷാലുവിനെ ഏറെ സന്തോഷിപ്പിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമ്മാനത്തേക്കാളുപരി, തന്റെ നേട്ടങ്ങൾ മാനേജർ തിരിച്ചറിഞ്ഞു എന്നതായിരുന്നു അവളെയേറെ സ്പർശിച്ച കാര്യം. കോർപ്പറേറ്റ് മേഖലയെക്കുറിച്ച് ഓൺലൈനിൽ എപ്പോഴും മോശം കാര്യങ്ങളാണ് കേൾക്കാറുള്ളതെന്നും, എന്നാൽ നമുക്കായി രഹസ്യമായി സന്തോഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന മനുഷ്യരെ കണ്ടെത്താൻ കഴിയുന്ന ഇടം കൂടിയാണ് ഇതെന്നും ഷാലു കൂട്ടിച്ചേർത്തു. എത്ര നല്ല മാനേജർ, ഇങ്ങനെയൊരു മാനേജരെ കിട്ടിയത് ഭാഗ്യമാണ് തുടങ്ങിയ കമന്റുകളാണ് ഇപ്പോൾ വീഡിയോയ്ക്ക് വരുന്നത്.