
വൃത്തിഹീനമായ ട്രെയിനുകളെക്കുറിച്ചും റെയിൽവേ സ്റ്റേഷനുകളെ കുറിച്ചും ഒക്കെ നാം പലപ്പോഴും പരാതി പറയാറുണ്ട്. ഈ സാഹചര്യങ്ങളിൽ നിന്നെല്ലാം ഒരു മാറ്റം വരണമെങ്കിൽ അതിന് നാം തന്നെ ശ്രമിക്കണമെന്ന് നാം പക്ഷേ ചിന്തിക്കാറില്ല. എന്നാൽ ഒരു വലിയ മാറ്റത്തിനായി ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദൃശ്യങ്ങൾ തുടങ്ങുന്നത് യുവാവ് സഹയാത്രക്കാരോട് കുറച്ചുസമയം തന്നെ ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നതോടെയാണ്. നിങ്ങൾ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ദയവായി രണ്ട് മിനിറ്റ് സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുക എന്നാണ് യുവാവ് പറഞ്ഞു തുടങ്ങിയത്. ട്രെയിനിനെ സ്വന്തം വീട് ആയി കണക്കാക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും യുവാവ് യാത്രക്കാരോട് ആഹ്വാനം ചെയ്യുന്നു.
ധാരാളം യാത്രക്കാർ യാത്രയ്ക്കായി വലിയ ബാഗുകൾ കൊണ്ടുവരാറുണ്ട്. അങ്ങനെയെങ്കിൽ, പൊതികളും മാലിന്യങ്ങളും ഇടാൻ ഒരു ചെറിയ കവർ കൂടി എന്തുകൊണ്ട് കൊണ്ടുവന്നുകൂടാ എന്നും അദ്ദേഹം ചോദിക്കുന്നു. തറയിലിടുകയോ ജനലിലൂടെ മാലിന്യം വലിച്ചെറിയുകയോ ചെയ്യുന്നതിന് പകരം, അത് ശരിയായ രീതിയിൽ ശേഖരിച്ച് ചവറ്റുകുട്ടയിൽ നിക്ഷേപിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. നമ്മൾ കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നു, എന്നിട്ട് അതിന്റെ കവറുകൾ താഴേക്ക് എറിയുന്നു. അതിനുശേഷം പറയുന്നു, ഇന്ത്യ വൃത്തിയില്ലാത്തതാണ്, ബീഹാർ വൃത്തിയില്ലാത്തതാണ് എന്ന്. എന്നാൽ നമ്മുടെ ശീലങ്ങളാണ് പ്രശ്നം, ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഉത്തരവാദിത്വത്തെയും പൗരബോധത്തെയും കുറിച്ചുള്ള ഈ യുവാവിന്റെ സന്ദേശത്തെ നിരവധി പേർ പ്രശംസിച്ചു. യഥാർത്ഥ മാറ്റത്തിന് ശബ്ദകോലാഹലം ആവശ്യമില്ല, വേണ്ടത് അവബോധവും പ്രവൃത്തികളുമാണ് എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. കുറഞ്ഞ സ്ഥല സൗകര്യവും ട്രെയിനുകളിലെ അപര്യാപ്തമായ ചവറ്റുകുട്ടകളും മാലിന്യം കളയാൻ പ്രയാസമുണ്ടാക്കിയേക്കാം എന്ന വലിയ വെല്ലുവിളിയെക്കുറിച്ചും ചിലർ ഓർമിപ്പിച്ചു. എന്തായാലും ഈ യുവാവിൻറെ പ്രവൃത്തി വലിയൊരു സന്ദേശമാണ് നമുക്ക് പകർന്നു നൽകുന്നത്.