
ഗുജറാത്തിലെ ജൂനാഗഢിൽ മഴവെള്ളം കെട്ടിക്കിടക്കുന്ന റോഡിലെ വലിയ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കനത്ത മഴയുള്ള സമയത്ത് റോഡിലൂടെ ദമ്പതികൾ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഇരുവരും അപകടസമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല. മുന്നോട്ട് നീങ്ങുകയായിരുന്ന ബൈക്കിന്റെ മുൻചക്രം, മഴവെള്ളം മൂടിക്കിടന്ന വലിയൊരു കുഴിയിൽ പെട്ടെന്ന് ചെന്നു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽ നിന്നും ദമ്പതികൾ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു.
ബൈക്ക് ഓടിച്ചിരുന്ന യുവാവിന് വീഴ്ചയുടെ ആഘാതത്തിൽ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന യുവതി വലിയ പരിഭ്രാന്തിയോടെയും വേദനയോടെയും ഇയാളെ റോഡിൽ നിന്നും എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടം കണ്ടയുടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തിയാണ് ഇവരെ സഹായിച്ചത്. 'മഴക്കാലത്ത് റോഡിലെ കുഴികൾ പെട്ടെന്ന് ദൃശ്യമാകില്ല. അതിനാൽ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. യാത്രകളിൽ എപ്പോഴും 'ഫുൾ ഫേസ്' ഹെൽമറ്റുകൾ ധരിക്കാൻ മടിക്കരുത്' എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.
അതേസമയം, അപകടം നടന്ന് തൊട്ടുപിന്നാലെ പരിക്കേറ്റവരെ അവഗണിച്ച് പൊലീസിന്റെ പി.സി.ആർ വാഹനം കടന്നുപോയതായി സോഷ്യൽ മീഡിയയിൽ കടുത്ത ആരോപണമുയർന്നിട്ടുണ്ട്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നിട്ടും പൊലീസ് വാഹനം നിർത്താതെ പോയതിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്.
Gujarat, Junagadh 🚨⚠️
Always wear Full Face Helmets + keep an eye on the road…potholes won’t be visible during rain…@DriveSmart_IN @dabir @InfraEye pic.twitter.com/V4ypeVlIuy— Dave (Road Safety: City & Highways) (@motordave2) July 2, 2026
റോഡിന്റെ മോശം അവസ്ഥയേയും ഉദ്യോഗസ്ഥരെയും ഭരണകൂടത്തെയും വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വം ഒരുക്കുന്നതിനേക്കാൾ സ്വന്തം കസേരകൾ സംരക്ഷിക്കാനാണ് രാഷ്ട്രീയക്കാർ ശ്രമിക്കുന്നതെന്ന് പലരും കുറ്റപ്പെടുത്തി. മുൻപ് ബെംഗളൂരുവിൽ സമാനമായ രീതിയിൽ മഴവെള്ളം നിറഞ്ഞ മാൻഹോളിൽ വീണ് ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ട സംഭവവും ഇതിനോടകം പലരും പങ്കുവെക്കുന്നുണ്ട്.