'മിലേ സുർ മേരാ തുമാരാ' വീണ്ടുമിറക്കി റെയിൽവേ മന്ത്രാലയം, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗം

By Web TeamFirst Published Oct 9, 2021, 4:05 PM IST
Highlights

13 വ്യത്യസ്ത ഭാഷകളിൽ ഈ ഗാനം ആലപിച്ചിട്ടുണ്ട്. റെയിൽവേ, രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്നു എന്നും, ഇന്ത്യയുടെ സാംസ്കാരിക ഭൂപ്രകൃതി വെളിവാക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി മോദി വീഡിയോ ആരംഭിക്കുന്നത്.

ദൂരദർശനിൽ പണ്ട് സംപ്രേഷണം ചെയ്യാറുള്ള 'മിലേ സുർ മേരാ തുമാരാ' (Mile Sur Mera Tumhara ) എന്ന പാട്ട് ഓർക്കുന്നുണ്ടോ?  എൺപതുകളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ, ഈ ഗാനം ഗൃഹാതുരത ഉണർത്തുന്ന ഓരോർമ്മയായിരിക്കും. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം, റെയിൽവേ മന്ത്രാലയം ഈ മനോഹര ഗാനം വീണ്ടും ഇറക്കിയിരിക്കയാണ്. ഇന്ത്യയുടെ 75 -ാം സ്വാതന്ത്ര്യദിനം (independence) ആഘോഷിക്കുന്നതിനായിട്ടാണ് റെയിൽവേ മന്ത്രാലയം (Ministry of Railways) ഈ ജനപ്രിയ ഗാനത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയത്.

മാർച്ച് 12 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത "ആസാദി കാ അമൃത് മഹോത്സവ്" സംരംഭത്തിന്റെ ഭാഗമാണിത്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ആരംഭിച്ച സംരംഭമാണിത്. മ്യൂസിക് വീഡിയോയിൽ രാജ്യമെമ്പാടുമുള്ള മനോഹരമായ ലൊക്കേഷനുകളും റെയിൽവേ സ്റ്റേഷനുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ ഗാനം 1988 -ലെ സ്വാതന്ത്ര്യദിനത്തിലാണ് ആദ്യമായി സംപ്രേഷണം ചെയ്തത്. അക്കാലത്തെ പ്രമുഖ ഇന്ത്യൻ അഭിനേതാക്കളും കായികതാരങ്ങളും സംഗീതജ്ഞരും ട്രാക്കിൽ അഭിനയിച്ചിരുന്നു.

भारतीय रेल द्वारा सभी देशवासियों को समर्पित "मिले सुर मेरा तुम्हारा" pic.twitter.com/K9YIyv8lYi

— Ministry of Railways (@RailMinIndia)

റെയിൽവേ ജീവനക്കാർ പാടിയ പുതിയ പതിപ്പിൽ പിവി സിന്ധു ഉൾപ്പടെയുള്ള ടോക്കിയോ ഒളിമ്പിക് മെഡൽ ജേതാക്കളും, മികച്ച കായികതാരങ്ങളും ഉൾപ്പെടുന്നു. മീരാഭായ് ചാനു, നീരജ് ചോപ്ര, രവി ദഹിയ എന്നിവരുടെ വിജയ നിമിഷങ്ങളും കാണാം. യഥാർത്ഥ വരികൾ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. സംഗീതം മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. 13 വ്യത്യസ്ത ഭാഷകളിൽ ഈ ഗാനം ആലപിച്ചിട്ടുണ്ട്. റെയിൽവേ, രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്നു എന്നും, ഇന്ത്യയുടെ സാംസ്കാരിക ഭൂപ്രകൃതി വെളിവാക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി മോദി വീഡിയോ ആരംഭിക്കുന്നത്. ഒടുവിൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉന്നത ഉദ്യോഗസ്ഥരും ദേശീയഗാനം ആലപിക്കുന്നതും കാണാം.
 

click me!