
കഴിഞ്ഞ ഞായറാഴ്ച എക്വഡോറിലെ അമ്പാറ്റോയിൽ നടന്ന 'ഫ്രൂട്ട് ആൻഡ് ഫ്ലവർ ഫെസ്റ്റിവലി'നിടെയാണ് മിസ് യൂണിവേഴ്സ് ഫാത്തിമ ബോഷ് കുഴഞ്ഞുവീണത്. പൂക്കളാൽ അലങ്കരിച്ച വാഹനത്തിന് മുകളിൽ നിന്ന് ജനക്കൂട്ടത്തെ നോക്കി കൈവീശുന്നതിനിടെ താരം പെട്ടെന്ന് മുട്ടുകുത്തി വീഴുകയായിരുന്നു. മനോഹരമായ മിന്റ് നിറത്തിലുള്ള ഗൗൺ ധരിച്ച് പരേഡ് വാഹനത്തിൽ നിൽക്കുകയായിരുന്നു ഫാത്തിമ. ഇതിനിടെ പുറകിലെ കൈവരിയിൽ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് താരം തളർന്നു വീണത്. ഇത് കണ്ടുനിന്ന കാണികൾ പരിഭ്രാന്തരാകുകയും നിലവിളിക്കുകയും ചെയ്യുന്നത് വീഡിയോകളിൽ കാണാം. ഉടൻ തന്നെ സംഘാടകർ വാഹനത്തിൽ കയറി താരത്തെ സഹായിച്ചു.
സംഭവത്തെക്കുറിച്ച് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ കമ്മ്യൂണിക്കേഷൻസ് മേധാവി മിഗ്വൽ ആഞ്ചൽ മാർട്ടിനെസ് പറഞ്ഞത്, 'മണിക്കൂറുകളോളം പുറത്തെ വെയിലിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനെത്തുടർന്ന് ഫാത്തിമയ്ക്ക് ചെറിയ തലകറക്കം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കി. അവർ ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്' എന്നാണ്. മുൻകരുതൽ എന്ന നിലയിൽ താരത്തിന് വിശ്രമം നൽകിയെന്നും താരം ഇപ്പോൾ തന്റെ ഔദ്യോഗിക ലോകപര്യടനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്സിക്കോയെ പ്രതിനിധീകരിച്ച് നവംബർ 21-ന് ബാങ്കോക്കിൽ വെച്ചാണ് ഫാത്തിമ മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ താരം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തായ്ലൻഡിൽ നടന്ന ഒരു പ്രൊമോഷണൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ വിസമ്മതിച്ചു എന്നാരോപിച്ച് മത്സര സംഘാടകരിൽ ഒരാളായ നാവത്ത് ഇറ്റ്സരഗ്രിസിൽ ഫാത്തിമയെ പരസ്യമായി വിമർശിച്ചിരുന്നു.
എന്നാൽ, ഈ ആരോപണങ്ങൾ ഫാത്തിമ നിഷേധിച്ചു. തന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യില്ലെന്നാണ് അവർ പറഞ്ഞത്. ഫാത്തിമയ്ക്ക് പിന്തുണയുമായി മറ്റ് മത്സരാർത്ഥികളും രംഗത്തെത്തിയിരുന്നു. കിരീടം ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് 'ഞാൻ ഒരിക്കലും ഈ കിരീടം ഉപേക്ഷിക്കില്ല, മറ്റുള്ളവരെ സേവിക്കുക എന്നതാണ് എന്റെ ലക്ഷ്യം' എന്നായിരുന്നു ഫാത്തിമയുടെ മറുപടി.