ബസ് കയറാൻ ഇത്രയും ആളുകളോ? മുംബൈ ബസ് സ്റ്റാൻഡിലെ അവസാനിക്കാത്ത ക്യൂ വൈറൽ

Published : Oct 02, 2024, 04:48 PM IST
ബസ് കയറാൻ ഇത്രയും ആളുകളോ? മുംബൈ ബസ് സ്റ്റാൻഡിലെ അവസാനിക്കാത്ത ക്യൂ വൈറൽ

Synopsis

വീഡിയോ ചിത്രീകരിച്ച ആളുകൾ 45 സെക്കൻഡോളം ഒരു ക്യൂവിലൂടെ നടന്നു ചിത്രീകരിച്ചിട്ടും അത് അവസാനിക്കാതെ തുടരുന്നത് കാണാം.

ആളുകൾ ബസ് കാത്തുനിൽക്കുന്നത് സാധാരണമാണ്. എന്നാൽ, ഒരേസമയം ഇത്രയധികം ആളുകൾ ബസ്സിനായി കാത്തുനിൽക്കുന്ന കാഴ്ച അല്പം അമ്പരപ്പിക്കുന്നത് തന്നെയാണെന്നാണ് നെറ്റിസൺസ് പറയുന്നത്. സംഗതി വേറൊന്നുമല്ല കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണ് ഈ അഭിപ്രായപ്രകടനങ്ങൾക്ക് വഴി തുറന്നത്. 

മുംബൈയിലെ കുർളയിൽ ബസിനായി കാത്തിരിക്കുന്ന ആളുകളുടെ അനന്തമായ ക്യൂ കണ്ടാൽ ആരും ഒന്ന് അമ്പരന്നു പോകും. കാരണം നൂറുകണക്കിന് ആളുകളാണ് ഇവിടെ തങ്ങളുടെ ബസ്സുകൾക്കായി കാത്തുനിൽക്കുന്നത്. വീഡിയോ വൈറലായതോടെ കുർള നഗരത്തിലെ യാത്രാ പ്രതിസന്ധിയെക്കുറിച്ച് വാചാലരാവുകയാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ. 

"കുർള വെസ്റ്റ് സ്റ്റേഷന് പുറത്തുള്ള മുംബൈ B.E.S.T ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർ നീണ്ട ക്യൂവിൽ കഷ്ടപ്പെടുന്നു. മുംബൈയിലെ ബസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്, എല്ലാ റൂട്ടുകളിലേക്കും സ്ഥിരമായി സർവീസ് നടത്താൻ മതിയായ ബസുകൾ ഇല്ലെന്ന് തോന്നുന്നു" എന്ന ക്യാപ്ഷനോട് ആണ് ഒരു എക്സ് ഉപയോക്താവ്  ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ ഒരു വലിയ കൂട്ടം ആളുകളെ തന്നെ കാണാം. 

വീഡിയോ ചിത്രീകരിച്ച ആളുകൾ 45 സെക്കൻഡോളം ഒരു ക്യൂവിലൂടെ നടന്നു ചിത്രീകരിച്ചിട്ടും അത് അവസാനിക്കാതെ തുടരുന്നത് കാണാം. ലാപ്ടോപ്പുകളും മറ്റുമായി ക്യൂവിൽ നിൽക്കുന്നവരിലധികവും ഓഫീസുകളിലേക്കും മറ്റും പോകാനായി കാത്തു നിൽക്കുന്നവരാണ് എന്നുവേണം അനുമാനിക്കാൻ.

52,000-ത്തിലധികം ആളുകൾ കണ്ട വീഡിയോ, ബസുകളുടെ എണ്ണം കുറയുന്നത് ദിവസേനയുള്ള യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന രോഷാകുലരായ നഗരവാസികളുടെ അഭിപ്രായങ്ങളാൽ നിറയുകയാണ്. ”പിഒഡി ടാക്സി പദ്ധതിക്ക് പകരം കുർള സ്റ്റേഷനിൽ നിന്നും ബാന്ദ്ര സ്റ്റേഷനിൽ നിന്നും 100 -ൽ കുറയാത്ത ബസുകൾ എംഎംആർഡിഎ അവതരിപ്പിക്കണം” എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. 

മതിയായ എണ്ണം ബസ്സുകൾ ഇല്ലാത്തത് വലിയ യാത്രാദുരന്തമാണ് സൃഷ്ടിക്കുന്നതെന്നും ദിനംപ്രതി തിക്കിലും തിരക്കിലും പെട്ട് നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത് എന്നും അനുഭവസ്ഥരായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ