
അർദ്ധരാത്രി വൈകിയുള്ള യാത്രകൾ പലപ്പോഴും ഭയത്തോടെ മാത്രം കാണുന്നവർക്കിടയിൽ, സ്വന്തം അനുഭവത്തിലൂടെ മുംബൈ നഗരത്തിന്റെ സുരക്ഷിതത്വം വെളിപ്പെടുത്തിയിരിക്കുകയാണ് സ്വാതി പ്രഭാകർ ഷെട്ടി എന്ന യുവതി. പുലർച്ചെ 2.30 -ന് ഓട്ടോറിക്ഷയിൽ തനിയെ വീട്ടിലേക്ക് മടങ്ങുമ്പോൾ സുരക്ഷയെക്കുറിച്ച് തെല്ലും ഭയപ്പെട്ടിരുന്നില്ലെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച അനുഭവത്തിൽ പറയുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ ഓട്ടോറിക്ഷയിലിരുന്ന് ചിത്രീകരിച്ച വീഡിയോയാണ് സ്വാതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അർദ്ധരാത്രി വൈകിയും മുംബൈയിൽ തനിയെ യാത്ര ചെയ്യുമ്പോൾ എത്രത്തോളം സുരക്ഷിതത്വമാണ് അനുഭവപ്പെടുന്നതെന്ന് അവർ ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. സ്വാതിയുടെ വാക്കുകൾ ഇങ്ങനെ, 'സമയം രാത്രി 2.30 കഴിഞ്ഞു. ജോലി കഴിഞ്ഞ് ടാക്സിക്ക് പകരം ഒരു ഓട്ടോറിക്ഷയിലാണ് ഞാൻ വീട്ടിലേക്ക് മടങ്ങുന്നത്. ഈ സമയത്ത് എന്റെ മനസ്സിൽ ഏറ്റവും ഒടുവിൽ മാത്രം വരുന്ന ചിന്തയാണ് സുരക്ഷ. മുംബൈയെപ്പോലെ സുരക്ഷിതത്വത്തെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടേണ്ടതില്ലാത്ത ഒരു നഗരത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്ന നിമിഷങ്ങളാണിത്.'
സുരക്ഷ ഭയക്കാതെ തനിയെ യാത്ര ചെയ്യാൻ സാധിക്കുന്നു എന്ന വസ്തുതയ്ക്കാണ് സ്വാതി വീഡിയോയിൽ പ്രധാനമായും ഊന്നൽ നൽകിയത്. ജോലി ആവശ്യങ്ങൾക്കായി അർദ്ധരാത്രിക്ക് ശേഷവും നിരത്തുകളിൽ സജീവമായി ആളുകൾ സഞ്ചരിക്കുന്ന മുംബൈ നഗരത്തിന്റെ യാത്രാ സംസ്കാരത്തിന്റെ ചെറിയൊരു കാഴ്ചയും ഈ വീഡിയോയിലൂടെ പുറത്തുവരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തനിയെ യാത്ര ചെയ്യുന്ന ഒരു സ്ത്രീക്ക് രാത്രിയിൽ ഇത്തരം ഒരു സുരക്ഷിതത്വബോധം ലഭിക്കുന്നത് വളരെ വലിയ കാര്യമാണെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു.