
നേപ്പാളിലെ ഗോർഖ ജില്ലയിൽ ബുധി ഗണ്ഡകി നദിയിലുണ്ടായ അപ്രതീക്ഷിത ജലപ്രവാഹത്തിൽ വീടുകൾ ഒലിച്ചുപോയി. ഇന്ന് (ഒക്ടോബർ 11) പുലർച്ചെയോടെയുണ്ടായ മിന്നൽപ്രളയത്തെത്തുടർന്ന് നദീതീരത്തെ ജനവാസമേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടു. നിലവിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.
പുലർച്ചെ നാലുമണിയോടെ ബുധി ഗണ്ഡകി നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശക്തമായ ഒഴുക്കിന്‍റെ ശബ്ദം ദൂരസ്ഥലങ്ങളിൽപ്പോലും കേൾക്കാമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നദിയിലെ ചെളിയും മണ്ണും കലർന്ന വെള്ളം കുത്തിയൊഴുകിയതോടെ നദീ തീരപ്രദേശങ്ങളിൽ പരിഭ്രാന്തി പടർന്നു.
ചുംനുബ്രി ഗ്രാമീണ മുനിസിപ്പാലിറ്റിയിലെ സിയുരിബാസിന് മുകളിലുണ്ടായ ഉരുൾപൊട്ടൽ ചുംകെ ഖോല അരുവിയുടെ ഒഴുക്ക് തടഞ്ഞിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മണ്ണിടിച്ചിലിനെത്തുടർന്ന് താൽക്കാലികമായി രൂപപ്പെട്ട തടയണ തകർന്നതാകാം പെട്ടെന്നുള്ള ജലപ്രവാഹത്തിന് കാരണമെന്നും അധികൃതർ സംശയിക്കുന്നു. എന്നാൽ, പ്രളയത്തിന്‍റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജഗത് മേഖലയിലെ നദീതടത്തിൽ സ്ഥിതിചെയ്തിരുന്ന അഞ്ച് മുതൽ ഏഴ് വരെ വീടുകൾ പ്രളയത്തിൽ ഒലിച്ചുപോയെന്നാണ് പ്രാഥമിക വിവരം. താഴ്ന്ന പ്രദേശങ്ങളിലുള്ള കൂടുതൽ വീടുകൾക്കും നാശനഷ്ടമുണ്ടായിരിക്കാമെന്നും റിപ്പോർട്ടുണ്ട്. ജഗത് ബസാർ, സല്ലേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും ജാഗ്രതാ നിർദേശം നൽകി. ചുംലിങ്, ലോക്പ തുടങ്ങിയ നദീതീര ഗ്രാമങ്ങളിൽനിന്ന് താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്തുടങ്ങി.
നേപ്പാളിലെ ദേശീയ ദുരന്തസാധ്യതാ നിർവഹണ അതോറിറ്റിയുടെ പ്രളയ മുന്നറിയിപ്പ് വിഭാഗം രാവിലെ 6.40 -ന് മൊബൈൽ സന്ദേശത്തിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രളയം കടന്നുപോകുന്നതുവരെ ത്രിശൂലി ദോഭാൻ വരെയുള്ള നദീതീരങ്ങളിൽ അടുക്കരുതെന്നും ഉയർന്ന പ്രദേശങ്ങളിൽ അഭയം തേടണമെന്നുമാണ് നിർദേശം. അരുഘട്ട് മേഖലയിലെ പൊലീസും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചഭാഷിണികളിലൂടെയും സന്ദേശങ്ങളിലൂടെയും ജനങ്ങൾക്ക് നിർദേശങ്ങൾ നൽകുന്നു. അതേസമയം വീഡിയോകളിൽ താഴ്വാരത്തെ വലിയ കെട്ടിടങ്ങൾ പോലും നദീപ്രവാഹത്തിൽ ഒലിച്ച് പോകുന്നത് കാണാം.