ചോദ്യം ഇഷ്ടപ്പെട്ടില്ല, നായയോട് 'അടങ്ങിയിരിക്കാൻ' പറഞ്ഞ് രാഷ്ട്രീയ നേതാവ്; ഓസ്ട്രേലിയയിൽ രാഷ്ട്രീയ വിവാദം, വീഡിയോ

Published : Jul 22, 2026, 02:13 PM IST
Australian politician yells at dog

Synopsis

ഓസ്ട്രേലിയൻ രാഷ്ട്രീയ നേതാവ് ബാർണബി ജോയ്സ് തത്സമയ ടെലിവിഷൻ അഭിമുഖത്തിനിടെ സ്വന്തം നായയോട് ദേഷ്യപ്പെട്ട് അലറിയത് വിവാദമായി. കടുത്ത ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണിതെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നപ്പോൾ, ഇതൊരു സാധാരണ സംഭവം മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ത്സമയ ടെലിവിഷൻ അഭിമുഖത്തിനിടെ സ്വന്തം വളർത്തുനായയോട് ദേഷ്യപ്പെട്ട് ഉച്ചത്തിൽ അലറിയ ഓസ്ട്രേലിയൻ രാഷ്ട്രീയ നേതാവ് ബാർണബി ജോയ്സിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം. ഓസ്ട്രേലിയയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ 'വൺ നേഷൻ' നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ബാർണബി ജോയ്സ്, ദേശീയ മാധ്യമമായ എബിസി ന്യൂസിന്‍റെ ലൈവ് പരിപാടിയിൽ പങ്കെടുക്കവേയാണ് ഈ അസാധാരണ പ്രവർത്തി നടത്തിയത്.

അവതാരികയുടെ ചോദ്യം ഒഴിവാക്കാൻ നായയോട്...

തന്‍റെ പാർട്ടി അധ്യക്ഷ പോളിൻ ഹാൻസൺ യുകെയിലെ വിവാദ തീവ്ര വലതുപക്ഷ നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചൂടേറിയ രാഷ്ട്രീയ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ചർച്ചയുടെ നിർണായക ഘട്ടത്തിൽ ജോയ്സ് പെട്ടെന്ന് ക്യാമറയിൽ നിന്ന് മുഖം തിരിച്ച്, ഫ്രെയിമിന് പുറത്തുള്ള നായയോട് "ഇരിക്കവിടെ!" എന്ന് ഉച്ചത്തിൽ ആക്രോശിക്കുകയായിരുന്നു. തുടർന്ന് "ക്ഷമിക്കണം, അത് എന്‍റെ നായയാണ്" എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അഭിമുഖം തുടർന്നെങ്കിലും, നിമിഷങ്ങൾക്കകം നായ വീണ്ടും ശബ്ദമുണ്ടാക്കി. ഇതോടെ അഭിമുഖം തടസ്സപ്പെടാതിരിക്കാൻ, "നായയെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട, എന്‍റെ ചോദ്യത്തിന് മാത്രം മറുപടി തരൂ" എന്ന് അവതാരകയായ സാറ ഫെർഗൂസൻ അഭ്യർത്ഥിച്ചു. എന്നാൽ, കൂടുതൽ പ്രകോപിതനായ ജോയ്സ് അവതാരകയോട് തർക്കിക്കുകയാണുണ്ടായത്. "മര്യാദകേട് കാണിക്കരുത്, അല്ലാത്തപക്ഷം ഞാൻ ഈ അഭിമുഖം ഇവിടെവെച്ച് അവസാനിപ്പിക്കും" എന്ന് അദ്ദേഹം അവതാരകയ്ക്ക് മുന്നറിയിപ്പ് നൽകി.

 

 

'നേതാവ് ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു'

ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നത്. ഒരു മൃഗത്തോട് ക്രൂരവും അക്രമസക്തവുമായ രീതിയിൽ പെരുമാറിയതിനെ 'അനിമൽ ജസ്റ്റിസ് പാർട്ടി' വക്താവ് രൂക്ഷമായി അപലപിച്ചു. "കടുപ്പമേറിയ ചോദ്യങ്ങൾ ചോദിച്ചപ്പോൾ പ്രകോപിതനായ നേതാവ് തന്‍റെ ദേഷ്യം മുഴുവൻ ആ പാവം നായയോടാണ് തീർത്തത്," എന്ന് ഒരു എക്സ് ഉപയോക്താവ് കുറിച്ചു. "ഒരു വളർത്തുമൃഗത്തോട് ദേശീയ ടെലിവിഷന് മുന്നിൽ വെച്ച് ഇത്രയും വേഗത്തിൽ ദേഷ്യം കാണിക്കുന്നത് സ്വാഭാവികമല്ല," എന്ന് മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. അതേസമയം, ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാനും ശ്രദ്ധ തിരിക്കാനുമായി ജോയ്സ് നാടകം കളിക്കുകയാണെന്നും, അവിടെ ശരിക്കും നായ ഉണ്ടായിരുന്നില്ലെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ബാർണബി ജോയ്സ് രംഗത്തെത്തി. ആളുകൾ ആവശ്യമില്ലാതെ തനിക്കെതിരെ അമിതമായി പ്രതികരിക്കുകയാണെന്നും, നഗരവാസികൾക്ക് ഇത് വലിയ കുറ്റമായി തോന്നുമെങ്കിലും ഗ്രാമീണരായ ഓസ്ട്രേലിയക്കാർക്ക് ഈ സംഭവം കേവലം ഒരു തമാശയായി മാത്രമാണ് തോന്നിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

വായ്പയും പാർട്ട് ടൈം ജോലിയും നാട്ടുകാരുടെ പരിഹാസവും: വിദേശ ഇന്ത്യൻ വിദ്യാർത്ഥികളുടെ കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് യുവാവ്, വീഡിയോ
പ്രായപൂർത്തിയാകാത്ത കൊലക്കേസ് പ്രതികളെ കാറിന്‍റെ ബോണറ്റിൽ കെട്ടിയിട്ട് സ്റ്റേഷനിലേക്ക് പോലീസിന്‍റെ യാത്ര, വഴി നീളെ നാട്ടുകാരുടെ മർദ്ദനം, വീഡിയോ