എഐ അല്ല ഒറിജിനല്‍; റോഡിലൂടെ വരുന്ന കൂറ്റൻ മത്തങ്ങ, ആകെ അന്തംവിട്ടും ഭയന്നും ജനങ്ങൾ!

Published : Oct 15, 2026, 07:34 PM IST
viral video

Synopsis

ഇത് തന്റെ കാറിലിടിക്കുമോ, അതോ കാറിന് മുകളിലൂടെ മറിയുമോ എന്നായിരുന്നു താൻ ആദ്യം ചിന്തിച്ചത്. റോഡിന്റെ മറുഭാഗത്തായിരുന്നപ്പോൾ വലിയ വലിപ്പമുണ്ടായിരുന്നതിനാൽ അതിനപ്പുറത്ത് മറ്റ് വാഹനങ്ങൾ വരുന്നുണ്ടോ എന്ന് കാണാൻ പോലും കഴിഞ്ഞിരുന്നില്ല.

അമേരിക്കയിലെ അയോവയിലുള്ള ഡുബൂക്ക് നൗണിലെ റോഡിലൂടെ ഒരു കൂറ്റൻ മത്തങ്ങ ഒരു വലിയ ഓറഞ്ച് പന്തു പോലെ കുതിച്ചുയർന്നു പോകുന്നത് കണ്ട് അന്തംവിട്ട് ജനങ്ങൾ. 'പംപ്കിൻഫെസ്റ്റ്' ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന കൂറ്റൻ ഇൻഫ്ലേറ്റബിൾ മത്തങ്ങയാണ് ശക്തമായ കാറ്റിൽ കെട്ടുകൾ പൊട്ടി റോഡിലേക്ക് പോയി വീണത്. സിസിടിവി ക്യാമറകളിലും ട്രാഫിക് ക്യാമറകളിലും പതിഞ്ഞ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയായിരുന്നു. ഇതൊരു ആക്ഷൻ സിനിമയിലെ രംഗം പോലെയാണ് തോന്നിയതെന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്.

വാഹനമോടിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കൂറ്റൻ മത്തങ്ങ തന്റെ മുന്നിൽ വന്നു പെട്ടതിനെക്കുറിച്ച് പാം മക്കാർഡൻ എന്ന സ്ത്രീ ലോക്കൽ വാർത്താ ചാനലിനോട് പറഞ്ഞത് ഇങ്ങനെയാണ്; 'ഇത് എഐ നിർമ്മിച്ചതല്ല, ഇത് യഥാർത്ഥത്തിൽ സംഭവിച്ചതാണ്. ഇതിൽ കാണുന്ന കാർ എന്റെതായിരുന്നു. നമ്മൾ ദിവസവും കാണുന്നതു പോലൊരു കാഴ്ചയല്ലിത്'.

ഇത് തന്റെ കാറിലിടിക്കുമോ, അതോ കാറിന് മുകളിലൂടെ മറിയുമോ എന്നായിരുന്നു താൻ ആദ്യം ചിന്തിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. റോഡിന്റെ മറുഭാഗത്തായിരുന്നപ്പോൾ വലിയ വലിപ്പമുണ്ടായിരുന്നതിനാൽ അതിനു അപ്പുറത്ത് മറ്റ് വാഹനങ്ങൾ വരുന്നുണ്ടോ എന്ന് കാണാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഭാഗ്യവശാൽ ഈ സംഭവത്തിൽ വലിയ അപകടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ല. യാതൊരുവിധ വാഹനങ്ങൾക്കോ പാർക്കിങ് മീറ്ററുകൾക്കോ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതരും സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു. 'ഇത് കാണാൻ രസകരമാണെങ്കിലും, ഇത്തരം സംഭവങ്ങൾ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ട്' ഡുബൂക്ക് പൊലീസ് ലെഫ്റ്റനന്റ് ലൂക്ക് ബോക്ക് മീഡിയയോട് പറഞ്ഞു.

അതേസമയം, ശക്തമായ കാറ്റുള്ള സമയത്ത് ഇത്തരം വലിയ ഹാലോവീൻ അലങ്കാരങ്ങൾ സുരക്ഷിതമായി കെട്ടിയിടണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 'നഗരത്തിലെ ഹാലോവീൻ അലങ്കാരങ്ങൾ കാണാൻ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ നിങ്ങളുടെ ഭയപ്പെടുത്തുന്ന പ്രേതരൂപങ്ങളും, 12 അടി ഉയരമുള്ള അസ്ഥികൂടങ്ങളും, കൂറ്റൻ ഇൻഫ്ലേറ്റബിൾ മത്തങ്ങകളും കാറ്റിൽ പറന്നുപോകാത്ത വിധം കൃത്യമായി സുരക്ഷിതമാക്കി വെക്കുക' എന്ന് നഗരസഭ ജനങ്ങളോട് അഭ്യർത്ഥിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇതുപോലൊന്ന് ജീവിതത്തില്‍ കണ്ടിട്ടില്ല; ഗർബ നൃത്തം കണ്ട് കണ്ണ് നിറഞ്ഞ് റൊമാനിയൻ യുവതി, ഇന്ത്യയെ മിസ്സ് ചെയ്യും; വീഡിയോ
ടച്ചിംഗ്സും, സോഡയും...; മെഡിക്കൽ കോളജിലെ എമർജൻസി വാർഡിന് മുന്നിൽ സ്ത്രീകളുടെ മദ്യപാനം, സിസിടിവി ദൃശ്യങ്ങൾ വൈറൽ, ബീഹാറിൽ വിവാദം