
വർണങ്ങളുടെ ഉത്സവമാണ് ഹോളി. ഇന്ത്യയിൽ ഹോളി ആഘോഷത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇപ്പോഴിതാ നെതർലാൻഡ്സിൽ നിന്നുള്ള നിരവധി ടൂറിസ്റ്റുകൾ പുരിയിൽ ഹോളി ആഘോഷിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ്. 'ജീവിതത്തിൽ ഒരിക്കൽ മാത്രമുണ്ടാവുന്ന അനുഭവം' എന്നാണ് ഹോളി ആഘോഷത്തെ കുറിച്ച് ഇവർ പറയുന്നത്. ഓർമ്മയിൽ എന്നെന്നും ശേഷിക്കുന്ന അനുഭവമായിട്ടാണ് ഇവർ ഹോളിയെ വിശേഷിപ്പിക്കുന്നത്. ന്യൂസ് ഏജൻസിയായ എഎൻഐയാണ് ഈ മനോഹരമായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇന്നലെ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ അനേകങ്ങൾ കണ്ടുകഴിഞ്ഞു. പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തായിട്ടാണ് നാട്ടുകാർക്കൊപ്പം ടൂറിസ്റ്റുകൾ ഹോളി ആഘോഷിക്കുന്നത്.
വീഡിയോയിൽ ഈ ആഘോഷത്തെ കുറിച്ച് എന്താണ് തോന്നിയത് എന്ന് ടൂറിസ്റ്റുകൾ പറയുന്നത് കാണാം. ഒപ്പം അവരെല്ലാം എത്രമാത്രം ആവേശത്തിലും സന്തോഷത്തിലുമാണ് എന്നതും വീഡിയോയിൽ വ്യക്തമാണ്. ടൂറിസ്റ്റുകളിൽ ഒരാൾ പറയുന്നത്, 'ഈ ആഘോഷത്തിന്റെ ഭാഗമായിരിക്കാൻ കഴിഞ്ഞതിൽ സന്തോഷം' എന്നാണ്. 'ഇവിടെയുണ്ടായിരിക്കാനായതിൽ അനുഗ്രഹിക്കപ്പെട്ടതുപോലെ എനിക്ക് തോന്നുന്നു. എത്രമാത്രം സന്തോഷമുള്ള ആളുകളാണ് ചുറ്റും. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഭവിച്ചറിയാനാവുന്ന കാര്യമാണ്' എന്നും ടൂറിസ്റ്റുകൾ പറയുന്നു. 'ചുറ്റുമുള്ള സന്തോഷം കാണുമ്പോൾ ഇത് ആഴത്തിലുള്ള ഒരു അനുഭവമായിട്ടാണ് തോന്നുന്നത്' എന്നാണ് അവർ പറയുന്നത്.
'എല്ലാവരും സന്തോഷത്തിലാണ്. എല്ലാവരും സന്തോഷത്തിലായിരിക്കുമ്പോൾ നമുക്കും സന്തോഷം തോന്നും. എനിക്ക് തോന്നുന്നത് നിങ്ങളിത് ഒരിക്കലും മറക്കില്ല എന്നാണ്' എന്നും അവർ പറയുന്നു. പരസ്പരം നിറങ്ങൾ വാരിയണിയിച്ചും ആഹ്ലാദിച്ചുമാണ് ടൂറിസ്റ്റുകളും പ്രദേശവാസികൾക്കൊപ്പം ആഘോഷത്തിൽ പങ്കുചേരുന്നത്.
അതേസമയം, വൃന്ദാവനിൽ ഹോളി ആഘോഷിക്കുന്നതിനിടെ പരിക്കേറ്റതായി ഒരു ഓസ്ട്രിയൻ വിനോദസഞ്ചാരി പരാതിപ്പെടുന്ന വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിറങ്ങളിൽ കല്ലുകൾ ഒളിപ്പിച്ച് എറിഞ്ഞതിനെ തുടർന്ന് തന്‍റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്നും കാഴ്ച മങ്ങിയെന്നുമാണ് ബ്രിട്ടാ ഷ്ലാഗ്ബൗർ എന്ന യുവതി ആരോപിച്ചത്.