ഹൈവേയിൽ 120 കി.മീ വേഗതയിൽ ആൾട്ടോയുമായി പറന്ന് 90-കാരി; വൈറലായി 'റോക്ക്സ്റ്റാർ മുത്തശ്ശി'

Published : Mar 04, 2026, 02:28 PM IST
Rockstar grandma

Synopsis

ജമ്മു കശ്മീരിൽ നിന്നുള്ള 90 വയസ്സുള്ള ഒരു മുത്തശ്ശി മാരുതി ആൾട്ടോ കാർ അതിവേഗത്തിൽ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൊച്ചുമകൻ പങ്കുവെച്ച വീഡിയോയിൽ, യാതൊരു പരിഭ്രമവുമില്ലാതെ 120 കിലോമീറ്റർ വേഗതയിൽ ചിരിച്ചുകൊണ്ട് അവർ ഡ്രൈവ് ചെയ്യുന്നത് കാണാം. 

 

പ്രായം തളർത്താത്ത ആവേശവുമായി ജമ്മു കശ്മീരിലെ കത്വയിൽ നിന്നുള്ള ഒരു 90-കാരി മുത്തശ്ശി സമൂഹ മാധ്യമങ്ങളിൽ താരമായി മാറുന്നു. തന്‍റെ മാരുതി ആൾട്ടോ കാറിൽ ഹൈവേയിലൂടെ മിന്നൽ വേഗത്തിൽ പായുന്ന മുത്തശ്ശിയുടെ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൺസ്.

ചിരിച്ച് കൊണ്ട് 120 ൽ

കണ്ടന്‍റ് ക്രിയേറ്ററായ വിശാൽ ലലോത്രയാണ് തന്‍റെ മുത്തശ്ശിയുടെ ഈ സാഹസിക ഡ്രൈവിംഗ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയുടെ തുടക്കത്തിൽ വളരെ ശാന്തയായും ആത്മവിശ്വാസത്തോടെയും മുത്തശ്ശി സ്റ്റിയറിംഗ് കൈകാര്യം ചെയ്യുന്നത് കാണാം. വിശാൽ ക്യാമറ കാറിലെ സ്പീഡോമീറ്ററിലേക്ക് തിരിക്കുമ്പോൾ സൂചി 120 കിലോമീറ്റർ വേഗതയ്ക്ക് അടുത്തെത്തുന്നത് ദൃശ്യമാണ്. ഇത്രയും ഉയർന്ന വേഗതയിലും യാതൊരു പരിഭ്രമവുമില്ലാതെ ചിരിച്ചുകൊണ്ടാണ് അവർ വണ്ടി ഓടിക്കുന്നത്.

 

 

പ്രശംസിച്ച് നെറ്റിസെന്‍സ്

വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. പലരും മുത്തശ്ശിയുടെ ആത്മവിശ്വാസത്തെയും കഴിവിനെയും പ്രശംസിച്ചപ്പോൾ, ചിലർ ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് സംശയിച്ചു. എന്നാൽ വിശാൽ പങ്കുവെച്ച മറ്റ് വീഡിയോകളിൽ മുത്തശ്ശി കാറോടിക്കുന്നതും കൊച്ചുമകന്‍റെ സ്പോർട്സ് ബൈക്കിന് പിന്നിലിരുന്ന് യാത്ര ആസ്വദിക്കുന്നതും കാണാം. വേഗത്തിൽ കാറോടിക്കുക മാത്രമല്ല, വളരെ കൃത്യതയോടെ വണ്ടി പാർക്ക് ചെയ്യാനും മുത്തശ്ശി വിദഗ്ദയാണ്.

ഇപ്പോൾ വീഡിയോയ്ക്ക് താഴെ രസകരമായ കുറിപ്പുകളുടെ പ്രവാഹമാണ്. "മുത്തശ്ശി യമരാജനേക്കാൾ വേഗത്തിലാണ് വണ്ടി ഓടിക്കുന്നത്.", "മുത്തശ്ശീ, നിങ്ങളുടെ പ്രായം എത്രയാണ്? മുത്തശ്ശി: സ്പീഡോമീറ്ററിൽ നോക്കൂ." എന്നിങ്ങനെ നീളുന്നു കുറിപ്പുകൾ. എന്തായാലും, വാർദ്ധക്യത്തിലും തന്‍റെ ഇഷ്ടങ്ങൾക്കായി സമയം കണ്ടെത്തുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന മുത്തശ്ശി ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് വലിയൊരു പ്രചോദനമാണന്ന് സമ്മതിച്ചുകഴിഞ്ഞു സോഷ്യൽ മീ‍ഡിയ.

 

PREV
Read more Articles on
click me!

Recommended Stories

വൃന്ദാവനത്തിലെ ഹോളി; നിറങ്ങളിൽ കല്ലുകൾ കലർത്തി എറിഞ്ഞു, കണ്ണിന് പരിക്കേറ്റെന്ന് ഓസ്ട്രിയൻ സഞ്ചാരി, വീഡിയോ
ഇറാൻ യുദ്ധം: പരമോന്നത നേതാവിന്‍റെ പേരിൽ വിലപിക്കുന്നവരെ പരിഹസിച്ച് ഇറാനിയൻ സ്ത്രീകൾ; വീഡിയോ