
ചില മനുഷ്യരുണ്ട്, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെ, നിയമം അനുസരിക്കാൻ തയ്യാറാകാതെ, മര്യാദകൾ പാലിക്കാതെ തോന്നുന്നത് പോലെ പ്രവർത്തിക്കുന്നവർ. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ചെന്നൈയിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. പലപ്പോഴും റോഡിൽ വാഹനങ്ങൾ തെറ്റായി നിർത്തിയിട്ടിരിക്കുന്നത് കാരണം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്. അത് തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്.
ഈ വീഡിയോയിൽ കാണുന്നത് ഒരു ഇന്നോവ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നതാണ്. റോഡിന്റെ ഇടതുവശത്തെ വഴി മുഴുവനും ബ്ലോക്ക് ചെയ്യുന്ന തരത്തിലാണ് വാഹനം പാർക്ക് ചെയ്തിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്ക് അതുവഴി കടന്നുപോകാൻ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും വീഡിയോയിൽ നിന്നും മനസിലാക്കാം.
മറ്റൊരു വാഹനത്തിന്റെ ഡാഷ്‌ക്യാമിലാണ് വീഡിയോ പതിഞ്ഞിരിക്കുന്നത്, ആർ എ പുരത്ത് നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വലതുവശത്തെ പാതയിലൂടെ വാഹനങ്ങൾ മുന്നോട്ട് പോകുന്നത് കാണാം. എന്നാൽ, ഇടതുവശത്ത് ഇന്നോവ നിർത്തിയിട്ടിരിക്കുന്നതിനാൽ തന്നെ പാത മിക്കവാറും വാഹനങ്ങളൊഴിഞ്ഞുകിടക്കുകയാണ്. ബൈക്കുകൾ കടന്നുപോകുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾക്ക് കടന്നുപോവുക പ്രയാസമാണ്. വീഡിയോ പകർത്തിയ കാറിൽ നിന്നും യുവാവ് വാഹനം ഇങ്ങനെ പാർക്ക് ചെയ്തതിനെ കുറിച്ച് ചോദിക്കുമ്പോൾ ഉടമ ബാങ്കിൽ പോയിരിക്കയാണെന്നും അതിനാലാണ് വാഹനം ഇവിടെ നിർത്തിയിട്ടിരിക്കുന്നത് എന്നുമാണ് മറുപടി ലഭിച്ചത്.
പിന്നീട്, യുവാവ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. രൂക്ഷമായ ഭാഷയിൽ വാഹനം റോഡിൽ നിർത്തിയിട്ടവരെ പലരും വിമർശിച്ചു. ചെന്നൈ പൊലീസിന്റെ ശ്രദ്ധയിലും വീഡിയോ പെട്ടു. സംഭവത്തെ കുറിച്ച് പരിശോധിക്കും എന്നാണ് പൊലീസ് പറയുന്നത്.