
കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും സൗകര്യങ്ങളും നൽകുന്നതിനൊപ്പം തന്നെ, ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളുടേയും സഹാനുഭൂതിയുടേയും പാഠങ്ങൾ പകർന്നുനൽകേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. തനിക്ക് ലഭിച്ച യാത്രാസൗകര്യങ്ങളിൽ പരാതിപ്പെട്ട മകന് ജീവിതത്തിലെ വലിയൊരു പാഠം പകർന്നുനൽകിയ ഒരച്ഛന്റെ പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അച്ഛന്റെ മാതൃകാപരമായ പാരന്റിംഗിനെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
പരാതിയിൽ തുടങ്ങിയ യാത്ര
കൂടുതൽ സൗകര്യപ്രദമായ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്ക് പകരം 3AC-യിൽ യാത്ര ചെയ്യേണ്ടിവന്നതിലായിരുന്നു മകന്റെ പരാതി. ദീപാവലി യാത്രയ്ക്കുള്ള ടിക്കറ്റുകൾ അടിയന്തരമായി ബുക്ക് ചെയ്യേണ്ടിവന്നതിനാലാണ് കുടുംബത്തിന് 3AC ടിക്കറ്റുകൾ ലഭിച്ചതെന്ന് അച്ഛൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. ഉയർന്ന ക്ലാസുകളിലെ യാത്ര മാത്രം പരിചയമുള്ള മകന്, ജനറൽ കോച്ചിലെ യാത്രക്കാർ നേരിടുന്ന സാഹചര്യങ്ങൾ നേരിട്ട് കാണിച്ചുകൊടുക്കാനാണ് അച്ഛൻ തീരുമാനിച്ചത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
"എന്റെ മകന് ജീവിതത്തിന്റെ മറ്റൊരു വശം കൂടി കാണിച്ചുകൊടുക്കാനാണ് ജനറൽ കോച്ചിലേക്ക് കൊണ്ടുപോയത്. ഞാൻ കാണിച്ചുകൊടുക്കാൻ ഉദ്ദേശിച്ചത് അവനും താൽപര്യത്തോടെ കണ്ടു" എന്ന കുറിപ്പോടെയാണ് അച്ഛൻ വീഡിയോ പങ്കുവെച്ചത്. തിരക്കേറിയ ജനറൽ കോച്ചിലൂടെ നടന്നുനീങ്ങുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. യാത്രക്കാർ ബെർത്തുകളിലും തറയിലും കോച്ചിന്റെ ഇടനാഴികളിലുമെല്ലാം ഇരിക്കുന്നതും കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കൈയടിച്ച് സോഷ്യൽ മീഡിയ
യഥാർഥ ജീവിതാനുഭവത്തിലൂടെ മകന് സഹാനുഭൂതിയും വിനയവും കാണിക്കേണ്ടത് എങ്ങനെയെന്ന പാഠം പകർന്നുനൽകിയ അച്ഛന്റെ രീതിക്ക് വലിയ സ്വീകാര്യതയാണ് ഇന്റർനെറ്റിൽ ലഭിക്കുന്നത്. വീഡിയോയ്ക്ക് താഴെ അച്ഛനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് നിറയുന്നത്. "ഇത് തീർച്ചയായും മികച്ച പാരന്റിംഗിന്റെ ഉദാഹരണമാണ്. ആവശ്യങ്ങളും സൗകര്യങ്ങളും രണ്ടും രണ്ടാണ്" എന്ന് ഒരാൾ കുറിച്ചപ്പോൾ, "ഇന്നത്തെ കാലത്ത് ഇത്തരം പാരന്റിംഗ് അപൂർവമാണ്. നിങ്ങളെ അഭിനന്ദിക്കുന്നു" എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.