
ജീവനക്കാരോട് അമിതമായി ദയയും സൗഹൃദവും കാണിച്ചതിനാൽ തന്റെ കഫേയിലെ ജോലിക്കാരെല്ലാം രാജിവെച്ചു പോയെന്ന് ബെംഗളൂരു സ്വദേശിയായ കഫേ ഉടമ. ബെംഗളൂരുവിലെ Mateaka എന്ന കഫേയുടെ ഉടമയാണ് തന്റെ ദുരനുഭവം വീഡിയോയിലൂടെ പങ്കുവെച്ചത്. നല്ല അന്തരീക്ഷം ഒരുക്കിനൽകിയിട്ടും ജീവനക്കാർ അത് മുതലെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
'ജീവനക്കാരോട് വളരെയധികം സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറിയതുകൊണ്ട് എന്റെ കഫേയിലെ എല്ലാ സ്റ്റാഫും ജോലി ഉപേക്ഷിച്ചു പോയി. നിങ്ങൾ ആരും ഈ തെറ്റ് ചെയ്യരുത്. ഞാൻ ഈ മേഖലയിൽ നിന്നുള്ള ആളല്ല, എട്ട് വർഷത്തോളം ഐടി മേഖലയിലാണ് ജോലി ചെയ്തത്. അവിടെ, എല്ലാവരും പരസ്പരം ബഹുമാനിച്ചും സഹകരിച്ചുമാണ് പ്രവർത്തിച്ചിരുന്നത്' അദ്ദേഹം പറയുന്നു.
കഫേ തുടങ്ങുന്നതിന് മുൻപ് നടത്തിയ പഠനങ്ങളിൽ, ഈ മേഖലയിലെ തൊഴിലാളികൾ പലയിടത്തും മോശമായാണ് പരിഗണിക്കപ്പെടുന്നതെന്ന് മനസ്സിലാക്കിയിരുന്നു. അതിനാൽ ആദ്യദിനം മുതൽ ജീവനക്കാരോട് വളരെ മാന്യമായി പെരുമാറാനാണ് തീരുമാനിച്ചത്. മറ്റ് കഫേകളിലും റെസ്റ്റോറന്റുകളിലും 10 മുതൽ 11 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുമ്പോൾ, ഇവിടെ 8 മണിക്കൂർ ഷിഫ്റ്റ് മാത്രമാണ് നിശ്ചയിച്ചിരുന്നത്. നല്ല ശമ്പളമാണ് നൽകിയിരുന്നത്. ഒരു മാസം ജോലി ചെയ്തുകഴിഞ്ഞാൽ തന്നെ ജീവനക്കാർക്ക് സാലറി അഡ്വാൻസ് നൽകിയിരുന്നു. മൊബൈൽ ഫോണുകൾ വരെ വാങ്ങി നൽകിയിരുന്നു.
ജീവനക്കാർക്ക് ആർക്കെങ്കിലും ഇഎംഐ കുടിശ്ശികകൾ അടച്ചുതീർക്കാനുണ്ടെങ്കിൽ അത് ചെയ്തിരുന്നു. സ്വന്തം ആമസോൺ അക്കൗണ്ട് വഴി അവർക്കാവശ്യമായ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകാനും തയ്യാറായി. എന്നാൽ, കർശനമായി കാര്യങ്ങൾ നോക്കാതായതോടെ കൃത്യസമയത്ത് ജോലിക്കെത്തുന്നതിൽ പോലും ജീവനക്കാർ വീഴ്ച വരുത്താൻ തുടങ്ങി.
'നമ്മൾ അവരോട് എങ്ങനെ പെരുമാറുന്നു എന്നതോ എത്ര നല്ല ശമ്പളം നൽകുന്നു എന്നതോ അവർക്ക് പ്രശ്നമല്ല. സാഹചര്യം ആവശ്യപ്പെടുമ്പോൾ കർക്കശക്കാരനാകുക എന്നതാണ് പ്രധാനം. അമിതമായ വിട്ടുവീഴ്ച പാടില്ല. അതിനർത്ഥം ആളുകളെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്യണമെന്നല്ല, എനിക്കതിനും കഴിയില്ല. പക്ഷേ, ഇനി തെറ്റുകൾ കണ്ടാൽ കണ്ടില്ലെന്ന് നടിക്കില്ല. പുതുതായി സംരംഭം തുടങ്ങുന്നവർ ഈ അബദ്ധം ആവർത്തിക്കരുത്' അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ നിരവധി സംരംഭകരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. 'ഞാനും ഇതിലൂടെ കടന്നുപോയിട്ടുണ്ട്. ആവർത്തിച്ച് ദയ കാണിക്കുന്നത് ഒരു ബലഹീനതയായാണ് കണക്കാക്കപ്പെടുന്നത്. കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കുക' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. നിങ്ങൾ മാറേണ്ടതില്ല. കുറച്ചുകൂടി കാർക്കശ്യക്കാരനായാൽ മതി എന്നും ആളുകൾ അഭിപ്രായപ്പെട്ടു.