ഇന്ത്യയിലെത്തി മൂന്നാം ദിവസം, അപരിചിതർക്കൊപ്പം പിറന്നാൾ ആഘോഷം; വിഡിയോ വൈറൽ

Published : Nov 16, 2026, 06:42 PM IST
viral video

Synopsis

ആഘോഷം കൂടുതൽ മനോഹരമാക്കാൻ പലരും സമ്മാനങ്ങളുമായാണ് എത്തിയത്. പൂച്ചെണ്ടുകൾ, പിറന്നാൾ കേക്കുകൾ, ഡോനട്ടുകൾ, മധുരപലഹാരങ്ങൾ, സമോസകൾ, വീട്ടിൽ തയ്യാറാക്കിയ വിഭവങ്ങൾ തുടങ്ങി പലതും അതിഥികൾ കൊണ്ടുവന്നിരുന്നു.

ഡൽഹിയിൽ സോളോ ട്രാവലിനെത്തിയ വിദേശ സഞ്ചാരിക്ക് പിറന്നാൾ ദിനത്തിൽ ലഭിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത സ്നേഹവും സൗഹൃദവും. സാമൂഹിക മാധ്യമങ്ങളിലൂടെ പിറന്നാൾ ആഘോഷത്തിലേക്ക് ആളുകളെ ക്ഷണിച്ച സോയ് എന്ന സഞ്ചാരിയെ തേടി അപരിചിതരായ ഒട്ടേറെപ്പേർ എത്തുകയായിരുന്നു. ഡൽഹിയിലെ ലോധി ഗാർഡനിൽ നടന്ന ഈ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പിറന്നാൾ ആഘോഷത്തിന് മുന്നോടിയായി പങ്കുവെച്ച വിഡിയോയിൽ ആരെങ്കിലും വരുമോയെന്ന് തനിക്ക് ഉറപ്പില്ലെന്ന് സോയ് പറയുന്നുണ്ട്.

നെറ്റിസൺസിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഡൽഹിയിലെ ലോധി ഗാർഡനിൽ പിറന്നാൾ ആഘോഷം സംഘടിപ്പിക്കാൻ സോയ് തീരുമാനിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിച്ചത്. നിരവധി പേരാണ് സോയ്ക്കൊപ്പം പിറന്നാൾ ആഘോഷിക്കാനായി എത്തിയത്. 'ഇന്ത്യയിലെത്തിയിട്ട് മൂന്നാം ദിവസം മാത്രം. ഡൽഹി നഗരത്തെ മുഴുവൻ പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ചാൽ എന്ത് സംഭവിക്കും?' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.

ആഘോഷം കൂടുതൽ മനോഹരമാക്കാൻ പലരും സമ്മാനങ്ങളുമായാണ് എത്തിയത്. പൂച്ചെണ്ടുകൾ, പിറന്നാൾ കേക്കുകൾ, ഡോനട്ടുകൾ, മധുരപലഹാരങ്ങൾ, സമോസകൾ, വീട്ടിൽ തയ്യാറാക്കിയ വിഭവങ്ങൾ തുടങ്ങി പലതും അതിഥികൾ കൊണ്ടുവന്നിരുന്നു.

കേക്ക് മുറിക്കലിലും സമ്മാനങ്ങൾ കൈമാറുന്നതിലും മാത്രം ഒതുങ്ങിയില്ല ആഘോഷം. സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രം പരിചയപ്പെട്ടവർ നേരിൽ കണ്ടുമുട്ടുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും െചയ്യുന്ന കാഴ്ചകളും വിഡിയോയിലുണ്ട്. 'ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ്' എന്നാണ് സോയ് പ്രതികരിച്ചത്. 'ഞാൻ ഒരുപാട് സ്നേഹിക്കുന്നു, ഡൽഹി' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് പിറന്നാൾ കമന്റുകളുമായി എത്തിയത്. 'ഇത് കണ്ടിട്ട് കണ്ണുനിറയുന്നു. എത്ര മനോഹരമായ കാഴ്ച' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'ഇന്ത്യയുടെ യഥാർഥ മുഖം കാണിച്ചുതന്നതിന് നന്ദി. യാത്രയുടെ ശേഷിക്കുന്ന ദിവസങ്ങൾ ആസ്വദിക്കൂ. ഒരുപാട് നല്ല ഓർമകളുമായി മടങ്ങാൻ കഴിയട്ടെ' എന്നായിരുന്നു മറ്റൊരു കമന്റ്.

PREV
Read more Articles on
click me!

Recommended Stories

'ജീവനക്കാരോട് സ്നേഹവും ദയയും കാണിച്ചു, ഒടുവിൽ എല്ലാവരും ജോലി ഉപേക്ഷിച്ചു പോയി'; കഫേ ഉടമ
തിരക്കേറിയ റോഡിൽ ഗതാഗതം തടഞ്ഞു, പൂച്ചക്കുഞ്ഞിന് രക്ഷകനായി ബൈക്ക് യാത്രക്കാരൻ; വീഡിയോ വൈറൽ