
ജോലി ചെയ്താൽ അതിനുള്ള കാശ് കൊടുക്കണം. അതിനി എത്ര ചെറിയ ജോലി ആണെങ്കിലും വലിയ ജോലിയാണെങ്കിലും. അത് ചോദിച്ചു വാങ്ങേണ്ടതുപോലുമല്ല, അറിഞ്ഞു നൽകേണ്ടതാണ്. എന്നാൽ, ഒരു റെയിൽവേ കൂലി താൻ ചെയ്ത ജോലിക്കുള്ള കാശ് കിട്ടുന്നതിന് വേണ്ടി ഒരു ട്രെയിനിന്റെ പിന്നാലെ ഓടുന്ന ദയനീയമായ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബംഗ്ലാദേശിലെ ധാക്ക സ്റ്റേഷനിലാണ് സംഭവം നടന്നത്. ക്യാമറയിൽ പതിഞ്ഞ രംഗത്തിൽ ഒരു ചെറുപ്പക്കാരനായ കൂലി ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിന് പിന്നാലെ തന്റെ കൂലിയും ചോദിച്ചുകൊണ്ട് ഓടുന്നതാണ് കാണുന്നത്.
ഒരു കംപാർട്മെന്റിലേക്ക് വിരൽ ചൂണ്ടി യുവാവ് താൻ ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ആ കംപാർട്മെന്റിലാണ് യുവാവിനെ പറ്റിച്ച യാത്രക്കാരൻ ഇരിക്കുന്നത് എന്നാണ് കരുതുന്നത്. എന്നാൽ, യുവാവിന്റെ ശ്രമങ്ങളെല്ലാം വിഫലമായിരുന്നു. ആരും ട്രെയിനിൽ നിന്നും പ്രതികരിക്കുന്നില്ല. Sojol Ali എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ പകർത്തുന്ന യുവാവ് കൂലിയുടെ പ്രയാസം കണ്ട് ഫോൺ നമ്പർ ചോദിക്കുന്നതും ആ കാശ് അയച്ചുതരാം എന്ന് പറയുന്നതും വീഡിയോയിൽ കാണാം.
കൂലിയായ ചെറുപ്പക്കാരന്റെ ദയനീയാവസ്ഥ സോഷ്യൽ മീഡിയയിൽ ആളുകളെ അമർഷം കൊള്ളിച്ചു. എന്തൊരു കരുണയില്ലാത്ത മനുഷ്യരാണ് അവനെ പറ്റിച്ച് പണം നൽകാതെ പോയവർ എന്നും പലരും വീഡിയോയോട് പ്രതികരിച്ചു. അതേസമയം തന്നെ, യുവാവിന്റെ ധൈര്യത്തെയും വണ്ടിക്ക് പിന്നാലെ ഓടിയിട്ടായാലും തന്റെ പണം തിരികെ വേണം എന്ന നിശ്ചയദാർഢ്യത്തെയും ആളുകൾ അഭിനന്ദിച്ചു. അതൊരു ചെറിയ കുട്ടിയാണ്, അവൻ ചെയ്ത ജോലിക്കുള്ള കൂലിയാണ് അവന് നിഷേധിക്കപ്പെട്ടിരിക്കുന്നത്, എങ്ങനെയാണ് മനുഷ്യർക്ക് ഇങ്ങനെ ഒരു ക്രൂരത ചെയ്യാൻ തോന്നുന്നത് എന്നും പലരും പ്രതികരിച്ചു.