
സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി പൊതുസ്ഥലങ്ങളിൽ നടത്തുന്ന വീഡിയോ ചിത്രീകരണങ്ങൾ പലപ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 46 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അമുല്യ രത്തൻ എന്ന ഇൻഫ്ലുവൻസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് വിധേയയായത്. തന്‍റ് 'ഫിറ്റ് ചെക്ക്' വീഡിയോയ്ക്കിടെ ഒരാൾ ക്യാമറയ്ക്ക് മുൻപിലൂടെ നടന്നുപോയതിനെത്തുടർന്ന് അമൂല്യ അജ്ഞാതനായ ആ വഴിയാത്രക്കാരനെ ശകാരിച്ചതാണ് രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്.
സംഭവം ഇങ്ങനെ, അമുല്യ റോഡരികിൽ വച്ച് തന്‍റെ 'ഫിറ്റ് ചെക്ക്' വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ക്യാമറയിലേക്ക് നോക്കി പിന്നിലേക്ക് നടന്നു നീങ്ങുന്നതിനിടെ, ഫോണിൽ സംസാരിച്ച് കൊണ്ട് വന്ന ഒരാൾ അറിയാതെ അമുല്യയുടെ ഫ്രെയിമിലൂടെ കടന്നുപോയി. തന്‍റെ വീഡിയോ ചിത്രീകരണം തടസ്സപ്പെട്ടതിൽ ക്ഷുഭിതയായ അമുല്യ, ഉടൻ തന്നെ ആ വ്യക്തിയെ പരസ്യമായി ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തു. തന്‍റെ വീഡിയോ 'നശിപ്പിച്ചു' എന്ന് ആരോപിച്ച അമുല്യ, ആ വ്യക്തിക്ക് 'സിവിക് സെൻസില്ലെന്ന് വീഡിയോയിലൂടെ കുറ്റപ്പെടുത്തി. അദ്ദേഹം തന്നോട് മാപ്പ് പറയേണ്ടതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കാര്യങ്ങൾ അമുല്യയ്ക്ക് എതിരായി മാറി. അമൂല്യയുടെ പെരുമാറ്റത്തെ 'അഹങ്കാരം' എന്നാണ് ഭൂരിഭാഗം ആളുകളും വിശേഷിപ്പിച്ചത്. പൊതുസ്ഥലം ഇൻഫ്ലുവൻസർമാർക്ക് വീഡിയോ എടുക്കാനുള്ള സ്വകാര്യ സ്റ്റുഡിയോയല്ലെന്നും പൊതുവഴി എല്ലാവർക്കും നടക്കാനുള്ളതാണന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. സമാധാനപരമായി നടന്നുപോകുന്ന ഒരാളെയല്ല, മറിച്ച് വഴി തടസ്സപ്പെടുത്തി വീഡിയോ എടുക്കുന്ന ഇൻഫ്ലുവൻസറെയാണ് സിവിക് സെൻസ് പഠിപ്പിക്കേണ്ടതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. ലോകം മുഴുവൻ തന്‍റെ വീഡിയോയ്ക്ക് വേണ്ടി വഴിമാറി നിൽക്കണമെന്ന് ആഗ്രഹിക്കുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്.