
ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ വിമാനത്തിന്റെ ലാൻഡിംഗ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഞെട്ടിക്കുന്ന സംഭവം നടന്നത് ഫ്ലോറിഡയിലാണ്. ഒരു ചെറുവിമാനം ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ ലാൻഡ് ചെയ്യുന്നതും പിന്നീട് റോഡിലേക്കിറങ്ങുന്നതും വീഡിയോയിൽ കാണാം. ഫ്‌ളോറിഡയിലെ ബ്രെവാര്‍ഡ് കൗണ്ടിയിലുള്ള ഇന്റര്‍സ്റ്റേറ്റ് 95 -ലാണ് തിങ്കളാഴ്ച അപകടം നടന്നത് എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകൾ സൂചിപ്പിക്കുന്നത്. വിവിധ യുഎസ് മാധ്യമങ്ങളും വീഡിയോ ഷെയർ ചെയ്തിരിക്കുന്നതായി കാണാം.
ഒരു അടിയന്തര സാഹചര്യം വന്നതുകൊണ്ടാണ് വിമാനത്തിന് തിരക്കേറിയ ഹൈവേയിലേക്ക് ലാൻഡ് ചെയ്യേണ്ടതായി വന്നത് എന്നാണ് ബ്രെവാര്‍ഡ് കൗണ്ടി ഫയര്‍ റെസ്‌ക്യൂ ഉദ്യോഗസ്ഥർ പറഞ്ഞത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു വിമാനം. എന്നാൽ, ആ സമയത്ത് അതുവഴി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ടൊയോട്ട കാമ്പ്രയ്ക്ക് മുകളിലേക്കാണ് വിമാനം ഇറങ്ങിയത്. പിന്നീടാണ്, ഇത് റോഡിലേക്ക് നീങ്ങിയത്.
57 -കാരനായ ഒരാളാണ് ആ സമയത്ത് കാറോടിച്ചിരുന്നത്. അദ്ദേഹത്തിന് സംഭവത്തിൽ പരിക്കേറ്റു, പിന്നീട് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം കാറിന് മുകളിൽ ലാൻഡ് ചെയ്യേണ്ടി വന്ന വിമാനത്തിലെ പൈലറ്റായ 27 -കാരനും കൂടെയുണ്ടായിരുന്ന ആളും പരിക്കേല്ക്കാതെ സംഭവത്തിൽ രക്ഷപ്പെട്ടു എന്നാണ് ഫ്‌ളോറിഡ ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
പിന്നീട്, ഈ വിമാനവും കാറും ഇവിടെ നിന്നും മാറ്റുന്നതിന്റെ ഭാഗമായി പ്രദേശത്ത് ഗതാഗതവും ഏറെനേരം തടസപ്പെട്ടു. സംഭവത്തിൽ എന്തായാലും വിശദമായ അന്വേഷണം നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.