മോഡേൺ കഫേയുടെ രൂപഭംഗി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള ഇസ്തിരി കട. ആരു കണ്ടാലും നോക്കിപ്പോകും. 

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള ഒരു ചെറിയ ഇസ്തിരി കട ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സാധാരണ വഴിയോരങ്ങളിലെ ഇസ്തിരി കടകളിൽ നിന്നും വ്യത്യസ്തമായി, ഒരു മോഡേൺ കഫേയുടെ ലുക്കാണ് ഈ കടയ്ക്കുള്ളത്. രാജു എന്ന ഇൻസ്റ്റാഗ്രാം യൂസർ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ കൗതുകകരമായ കാഴ്ച പുറംലോകമറിഞ്ഞത് .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യ കാഴ്ചയിൽ ഇതൊരു കാന്റീനോ കഫേയോ ആണെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ ഇതൊരു ഇസ്തിരി കടയാണെന്ന് വീഡിയോ പങ്കുവെച്ചയാൾ കുറിപ്പിൽ വ്യക്തമാക്കുന്നു. കടയ്ക്ക് ചുറ്റും സമൃദ്ധമായി വെച്ചുപിടിപ്പിച്ച പച്ചപ്പിന്റെ സാന്നിധ്യം കടയ്ക്ക് ശാന്തവും മനോഹരവുമായ അന്തരീക്ഷം നൽകുന്നു. വെള്ള ചുവരുകളും പച്ചപ്പും ലളിതമായ ടേബിളുകളും ചേരുമ്പോൾ ഒരു ആധുനിക കഫേയുടെ അതേ സ്റ്റൈലിലാണ് ഈ കൊച്ചു കട ഒരുക്കിയിരിക്കുന്നത് .

പുറം കാഴ്ചകണ്ട് കഫേയാണെന്ന് കരുതി അകത്തുകയറിയാൽ കാണാൻ കഴിയുക ഇസ്തിരി ഇടാൻ ആവശ്യമായ സൗകര്യങ്ങൾ മാത്രമായിരിക്കും. കടയ്ക്കുള്ളിൽ അത്യാധുനികമായ ഇസ്തിരി പെട്ടികളും സ്റ്റീം അയേണിംഗ് മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഒരാൾ വളരെ ശ്രദ്ധയോടെ ഷർട്ടുകളും മറ്റ് വസ്ത്രങ്ങളും ഇസ്തിരിയിട്ട് വൃത്തിയാക്കി വെക്കുന്നത് വീഡിയോയിൽ കാണാം.

View post on Instagram

വഴിയോരത്തെ വളരെ സാധാരണമായ ഒരു ഇസ്തിരി കടയെ ആകർഷകമായ രീതിയിൽ അവതരിപ്പിച്ചതാണ് ഈ കട സോഷ്യൽ മീഡിയയിൽ ഇത്രയധികം ശ്രദ്ധിക്കപ്പെടാൻ കാരണം. കൃത്യമായ അലങ്കാരവും ശ്രദ്ധയുമുണ്ടെങ്കിൽ ഏതൊരു ചെറിയ ഇടവും മനോഹരവും ആകർഷകവുമാക്കാം എന്ന് ഈ വീഡിയോ തെളിയിക്കുന്നു. വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ച കമന്റ് ഇങ്ങനെയായിരുന്നു: 'ചെയ്യുന്ന ജോലിയെ സ്നേഹിക്കുക, സ്നേഹിക്കുന്ന ജോലി ചെയ്യുക എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.'