സഹതൊഴിലാളിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, യുവതിയെ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടി പോലീസ്, ദൃശ്യങ്ങൾ വൈറൽ

Published : Aug 09, 2026, 01:09 PM IST
woman kidnapping co-worker's baby

Synopsis

മധ്യപ്രദേശിലെ ജബൽപുരിൽ സഹപ്രവർത്തകയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, ജബൽപുർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

യാത്രയ്ക്കിടെ പരിചയപ്പെട്ട സഹതൊഴിലാളിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന ആരോപണത്തിൽ യുവതിക്കെതിരെ അന്വേഷണം. മധ്യപ്രദേശിലെ ജബൽപുരിലാണ് സംഭവം. കാണാതായ പെൺകുട്ടിയെ പൊലീസ് സമയോചിതമായി ഇടപെട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി മാതാപിതാക്കളെ തിരികെ ഏൽപ്പിച്ചു. കുഞ്ഞിനെ മണ്ഡലയിലേക്ക് കൊണ്ടുപോകാനായിരുന്നു യുവതിയുടെ പദ്ധതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

സിസിടിവി ദൃശ്യങ്ങൾ തെളിവായി

ജബൽപുരിലെ ഗൗരിഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മണ്ഡല സ്വദേശിയായ യുവതി ജബൽപുരിൽ തൊഴിൽ തേടിയെത്തിയതായിരുന്നു. ഇവിടെ വെച്ച് മറ്റൊരു തൊഴിലാളിയായ സ്ത്രീയുമായി ഇവർ പരിചയത്തിലായി. ഈ പരിചയം മുതലെടുത്താണ് അവരുടെ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ കാണാതായതോടെ അമ്മ പൊലീസിൽ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് സംഘം ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പരാതി സംബന്ധിച്ച ചില നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. മുഖം മറച്ച നിലയിൽ ഒരു കൈയിൽ ബാഗും ഒക്കത്ത് കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടിപ്പോകുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ നഗരത്തിലെ വിവിധ സിസിടിവിയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു.

കൂടുതൽ അന്വേഷണമെന്ന് പോലീസ്

അന്വേഷണത്തിനിടെ കുട്ടിയുമായി യുവതി മണ്ഡലയിലേക്ക് പോകാൻ പദ്ധതിയിടുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി. ഒടുവിൽ ജബൽപുർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യുവതിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ട്രെയിനിൽ കയറി ജബൽപുർ വിടുന്നതിന് മുമ്പുതന്നെ കുട്ടിയെ പൊലീസ് സുരക്ഷിതമായി വീണ്ടെടുത്തു. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. ജബൽപുർ സിറ്റി പൊലീസ് സൂപ്രണ്ട് (CSP) എംഡി നഗോട്ടിയ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുടമായി പങ്കുവച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും കുഞ്ഞിനെ എന്തിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്നും ഇവർ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏതെങ്കിലും സംഘത്തിലെ ആണാണോയെന്ന് പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കുട്ടിയാനയുടെ കാലിൽ ചാർജിങ് കേബിൾ കുടുങ്ങി, പിന്നാലെ ചാർജിങ് സ്റ്റേഷൻ തന്നെ മറിച്ചിട്ട് അമ്മയാന; വീഡിയോ വൈറൽ
ബാത്ത്റൂമിലിരുന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് ന്യൂസിലൻഡ് വനിതാ കൗൺസിലർ; പിന്നിൽ ഉണങ്ങാനിട്ട വസ്ത്രങ്ങൾ കാണാമെന്ന് മേയർ; വീഡിയോ