ബീഹാറിലെ ഒരു ബയോളജി അധ്യാപകൻ ക്ലാസിൽ വെള്ളരിക്ക ഉപയോഗിച്ച് കോണ്ടം ധരിക്കുന്ന വിധം കാണിച്ചുകൊടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തിയ ഈ പ്രായോഗിക ക്ലാസിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

ബീഹാറിലെ ഒരു ബയോളജി അധ്യാപകൻ ക്ലാസിൽ പ്രത്യുത്പാദന ആരോഗ്യവും ലൈംഗിക വിദ്യാഭ്യാസവും പഠിപ്പിച്ച രീതി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. കോണ്ടം എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് വിശദീകരിക്കാൻ വെള്ളരിക്ക ഉപയോഗിച്ചുള്ള പ്രായോഗിക ഡെമോൺസ്ട്രേഷനാണ് അധ്യാപകൻ നടത്തിയത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. വീഡിയോയ്ക്ക് ഇതിനകം ഏകദേശം രണ്ട് കോടി കാഴ്ചകൾ ലഭിച്ചു.

വെള്ളരിക്കയും കോണ്ടവും

ചന്ദൻ കുമാർ പണ്ഡിറ്റ് എന്ന അധ്യാപകനാണ് വീഡിയോയിൽ ക്ലാസ് എടുക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ‘India’s Viral Biology Sir’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന് 25,000-ത്തിലധികം ഫോളോവേഴ്സുണ്ട്. കോണ്ടം ഉപയോഗിക്കുന്ന രീതി വെള്ളരിക്ക ഉപയോഗിച്ച് വിശദീകരിക്കുന്നതിനൊപ്പം, ലൈംഗികമായി പകരുന്ന അണുബാധകളിൽ (STI) നിന്ന് സംരക്ഷണം നേടുന്നതിലും ഗർഭനിരോധനത്തിലും കോണ്ടത്തിനുള്ള പങ്കും അദ്ദേഹം വിശദീകരിക്കുന്നു.

തന്‍റെ പോസ്റ്റിനൊപ്പം ഇത് വിദ്യാഭ്യാസ ആവശ്യത്തിനായുള്ള വീഡിയോയാണെന്നും ബയോളജി സിലബസിലെ ‘Reproductive Health & Birth Control’ വിഷയമാണ് പ്രായോഗികമായി വിശദീകരിക്കുന്നതെന്നും ചന്ദൻ വ്യക്തമാക്കി. ഇത്തരം സെൻസിറ്റീവ് വിഷയങ്ങൾ പുസ്തകത്തിൽ മാത്രം ഒതുക്കാതെ ലളിതവും പ്രായോഗികവുമായ രീതിയിൽ പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മിശ്ര പ്രതികരണം

വീഡിയോയെ അനുകൂലിച്ചവർ വിദ്യാർഥികൾക്ക് ലൈംഗികാരോഗ്യം സംബന്ധിച്ച ശരിയായ അറിവ് നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. എന്നാൽ, ചിലർ ക്ലാസ് മുറിയിലെ ഈ രീതിയെ വിമർശിച്ചു. വിദ്യാർഥികൾക്ക് അസ്വസ്ഥതയുണ്ടാകാമെന്നും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ നിയന്ത്രണം വേണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ചിലർ ആൺ-പെൺ വിദ്യാർഥികൾക്ക് പ്രത്യേകം ക്ലാസുകൾ വേണമെന്ന അഭിപ്രായമായിരുന്നു പങ്കുവച്ചത്.