കഴുത്തിൽ ഇഷ്ടിക കെട്ടി നായയെ നദിയിലേക്ക് എറിഞ്ഞു, വീഡിയോ വൈറൽ, പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

Published : Jun 29, 2026, 08:06 PM IST
man threw dog into river

Synopsis

ബംഗ്ലാദേശിൽ കഴുത്തിൽ ഇഷ്ടിക കെട്ടി തെരുവ് നായയെ നദിയിലേക്ക് എറിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ ജനരോഷം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് പ്രതിയെ പിടികൂടിയത്.

 

ഭൂമിയിലെ മറ്റേതൊരു ജീവിയെയും പോലൊരു ജീവിയാണ് നായ. മനുഷ്യ ചരിത്രത്തിൽ ഇത്രയേറെ വിശ്വാസത്തോടെ മറ്റെരു മൃഗവും ആയിരക്കണക്കിന് നൂറ്റാണ്ടുകളായി മനുഷ്യനൊപ്പം ജീവിച്ചിട്ടുണ്ടാകില്ല. 'പൂച്ച' എന്നൊരു ഉത്തരം ചിലർ ഉയർത്തുമെങ്കിലും പൂച്ച ഒരിക്കലും മനുഷ്യനോട് വിധേയത്വം കാണിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ, പട്ടികൾ അങ്ങനെയല്ല. അവ തന്‍റെ യജമാനനെ അവസാന ശ്വാസം വരെ അന്ധമായി വിശ്വസിക്കാൻ തയ്യാറാകുന്നു. എന്നാൽ. അടുത്ത കാലത്തായി തെരുവുകളിൽ പട്ടികൾ വർദ്ധിക്കുകയും നിരവധി കാരണങ്ങളാൽ അവ ഒരു സമൂഹിക ശല്യമായി മാറുകയും ചെയ്തു. ഇതോടെ മനുഷ്യർ ഒറ്റ തിരിഞ്ഞും കൂട്ടും ചേർന്നും നായകളെ 'വേട്ടയാടാൻ' തുടങ്ങി. ഏറ്റവും ഒടുവിലായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട അത്തരമൊരു വീഡിയോ, വലിയ ജനരോഷമാണ് ഉയർത്തിയത്. പിന്നാലെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തു.

 

 

അതിദാരുണം ആ കാഴ്ച

സംഭവം നടക്കുന്നത് ബംഗ്ലാദേശിലെ നർസിങ്ഡിയിലാണ്. വീഡിയോയിൽ രണ്ട് പേർ നോക്കി നിൽക്കെ ഒരു യുവാവ്, കഴുത്തിൽ ഇഷ്ടിക കെട്ടി വച്ച ഒരു തെരുവ് നായയെ വലിയൊരു നദിയിലേക്ക് എറിയുന്നത് കാണിക്കുന്നു. പിന്നലെ അതിശക്തമായി ഒഴുകുന്ന നദിയിൽ സ്വന്തം ജീവൻ രക്ഷിക്കാനായി നായ നീന്താൻ ശ്രമിക്കുന്നതും എന്നാൽ, കഴുത്തിൽ കെട്ടിയ ഇഷ്ടികയുടെ ഭാരം കാരണം നദിയിലേക്ക് മുങ്ങിപ്പോകുന്നതും കാണാം. വീഡിയോ ബംഗ്ലാദേശിൽ വലിയ പ്രതിഷേധത്തിന് കാരണമായി. സമൂഹ മാധ്യമങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി. മൃഗ സ്നേഹികളും മൃഗ സംഘടനകളും പ്രശ്നം ഏറ്റുപിടിച്ചു. ആവശ്യം ശക്തമായതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയും വീഡിയോയിലുള്ള യുവാക്കളെ തപ്പി ഇറങ്ങുകയും ചെയ്തു.

 

 

എല്ലാവർക്കുമെതിരെ നടപടിയുണ്ടാകും

ഒടുവിൽ, മുഹമ്മദ് അലി എന്ന 25 -കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയിൽ കാണുന്ന മറ്റ് രണ്ട് പേർക്കെതിരെയും ക്യാമറാമാനെതിരെയും നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ബംഗ്ലാദേശിലെ നാഗരിയകണ്ടി പാലത്തിന് സമീപമുള്ള കമർഗാവ് എന്ന പ്രദേശത്ത് നിന്നാണ് മുഹമ്മദ് അലിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ 11:30 ഓടെയാണ് സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു. വീഡിയോ ഓൺലൈനിൽ വൈറലായ ശേഷമാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നും എന്നാൽ, പ്രതിയെ പെട്ടെന്ന് തന്നെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞെന്നും പോലീസ് കൂട്ടിച്ചേർത്തു. അതേസമയം സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ പോലീസ് എത്തും മുമ്പേ പ്രദേശവാസികൾ മുഹമ്മദ് അലിയെ പിടികൂടിയിരുന്നെന്നും അവരാണ് പ്രതിയെ പോലീസിന് കൈമാറിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പങ്കുള്ള എല്ലാവരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

 

PREV
Read more Articles on
click me!

Recommended Stories

ചത്ത വിഷപാമ്പിനെ കടിച്ച് പിടിച്ച് നൃത്തം, പിന്നാലെ വിഷമിറങ്ങി യുവാവ് ആശുപത്രിയിൽ; വീഡിയോ വൈറൽ
Video: കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് മണ്ണിനടിയില്‍ മണിക്കൂറുകള്‍; ഭൂകമ്പത്തിനിടെ 18 ദിവസം പ്രായമായ കുഞ്ഞും അമ്മയും രക്ഷപ്പെട്ടു