'ഭാര്യയ്ക്ക് സുഖമില്ലാത്തതിനാൽ അവരുടെ ജോലികളിൽ സഹായിക്കാൻ ഭർത്താവും കൂടെയെത്തി. എത്ര മനോഹരമായ കാഴ്ച' എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

വലിയ സമ്മാനങ്ങൾ നൽകുന്നതോ ആർഭാടം കാണിക്കുന്നതോ മാത്രമല്ല സ്നേഹം. ചെറിയ ചില കരുതലുകളും പരി​ഗണനകളും വലിയ സ്നേഹത്തെ കുറിക്കുന്ന നിമിഷങ്ങളായി മാറാറുണ്ട്. അത്തരത്തിലുള്ള ഒരു ഹൃദ്യമായ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അസുഖം കാരണം ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്ന ഭാര്യയോടൊപ്പം കൂടെയെത്തി സഹായിക്കുന്ന ഒരു ഭർത്താവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൺമാരുടെ ശ്രദ്ധ നേടുന്നത്.

പൂർണ്ണ ശ്രീവത്സ എന്ന യുവാവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്രീവത്സയുടെ വീട്ടിൽ ജോലിക്ക് വരുന്ന യുവതിയേയും ഭർത്താവിനെയുമാണ് വീഡിയോയിൽ കാണുന്നത്. അടുക്കളയിൽ ഭാര്യയോടൊപ്പം നിന്ന് ജോലികളിൽ സഹായിക്കുന്ന ഭർത്താവിനെ വീഡിയോയിൽ കാണാം. 'ഭാര്യയ്ക്ക് സുഖമില്ലാത്തതിനാൽ അവരുടെ ജോലികളിൽ സഹായിക്കാൻ ഭർത്താവും കൂടെയെത്തി. എത്ര മനോഹരമായ കാഴ്ച' എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

View post on Instagram
 

ആവശ്യമുള്ളപ്പോൾ കൂടെ നിൽക്കുന്ന, വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെ സ്നേഹം കാണിച്ചുതരുന്ന ഒരു പങ്കാളിയെ ലഭിക്കുകയെന്നതാണ് ഇതിന്റെ അർത്ഥമെന്ന് ശ്രീവത്സ പറയുന്നു. എന്നാൽ, വയ്യാതിരുന്നിട്ടും യുവതിയെ ജോലി ചെയ്യിച്ചതിൽ ശ്രീവത്സയെ വിമർശിച്ച് പലരും കമന്റ് നൽകി. അതോടെ അതിനുള്ള വിശദീകരണവും നൽകിയിട്ടുണ്ട്. 'ഇതൊരു ചെറിയ സ്നേഹപ്രകടനമായിട്ടാണ് എനിക്ക് തോന്നിയത്, അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി പങ്കുവെക്കാൻ തോന്നി. കാരണം ചിലപ്പോഴൊക്കെ ഏറ്റവും ചെറിയ പ്രവർത്തികളും നിമിഷങ്ങളുമാകും വലിയ അർത്ഥങ്ങൾ സമ്മാനിക്കുന്നത്' എന്നും അദ്ദേഹം കുറിച്ചു. യുവതി ജോലിസ്ഥലത്ത് എത്തിയ ശേഷമാണ് തനിക്ക് അസുഖമുള്ള കാര്യം പറഞ്ഞതെന്നും, ഉടൻ തന്നെ വിശ്രമിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തായാലും, വളരെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഭർത്താവിന്റെ കരുതലിനെ അഭിനന്ദിച്ചു കൊണ്ട് പലരും കമന്റുകൾ നൽകി. 'എന്റെ വീട്ടിലെ ജോലിക്കാരിയും ഇതുപോലെ പറയാറുണ്ട്. അവൾക്ക് അസുഖമുള്ള ദിവസങ്ങളിൽ പാചകം, വീട് വൃത്തിയാക്കൽ, തുണി അലക്കൽ തുടങ്ങി എല്ലാ ജോലികളും ചെയ്യുന്നത് അവളുടെ ഭർത്താവാണ്' എന്ന് മറ്റൊരാൾ കുറിച്ചു. എന്നാൽ അതേസമയം, ഇതിൽ പുകഴ്ത്താനും മാത്രം ഒന്നുമില്ല, പങ്കാളികളാകുമ്പോൾ സ്വാഭാവികമായും ചെയ്യേണ്ടുന്ന കാര്യങ്ങൾ മാത്രമാണ് ഇവ എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.