
എൽജിബിടിക്യു ആയിട്ടുള്ള മനുഷ്യരെ അംഗീകരിക്കാനാവാത്ത അവരോട് ക്രൂരത കാണിക്കുന്ന ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്നതായി ആരോപിക്കപ്പെടുന്നത്. കണ്ടന്റ് ക്രിയേറ്ററും ക്വിയർ ആർട്ടിസ്റ്റുമായ പരം സാഹിബ് സിംഗ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോയിൽ പറയുന്നത്, ദില്ലിയിലെ കൊണാട്ട് പ്ലേസിൽ വച്ച് താൻ ആക്രമിക്കപ്പെട്ടു എന്നാണ്. ഞായറാഴ്ച വൈകുന്നേരം തന്റെ ടീമിനൊപ്പം ഒരു ഫാഷൻ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ താൻ ശാരീരികമായി ആക്രമിക്കപ്പെട്ടുവെന്നാണ് പരം സാഹിബ് സിംഗ് ആരോപിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന പ്രസ്തുത വീഡിയോയിൽ, കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തിലുണ്ടായ രണ്ടാമത്തെ സംഭവമാണിതെന്നും പരം സാഹിബ് സിംഗ് പറഞ്ഞു. ക്വീർ ആയതിന്റെ പേരിൽ പൊതുസ്ഥലത്ത് വച്ച് അക്രമിക്കപ്പെട്ടുവെന്നും തലസ്ഥാനത്ത് ജീവിക്കുന്നത് ഒരു പേടിസ്വപ്നമാണ്, എപ്പോഴാണ് ഈ അതിക്രമം അവസാനിക്കുക എന്നും പോസ്റ്റിനൊപ്പമുള്ള ക്യാപ്ഷനിൽ പരം കുറിച്ചിരിക്കുന്നത് കാണാം. അവർ തന്നെ പിന്നിൽ നിന്നാണ് അക്രമിച്ചത്. തന്റെ മുഖം കറുത്ത തുണി കൊണ്ട് മൂടി, തറയിലേക്ക് വലിച്ചിഴച്ച് മുഖത്തും മൂക്കിലും ശരീരത്തിലും അടിക്കാൻ തുടങ്ങി. അവർ സ്വവർഗാനുരാഗികളെ അധിക്ഷേപിക്കുകയും സിഖ് മതത്തിന് താൻ അപമാനമാണെന്ന് ആരോപിക്കുകയും ചെയ്തുവെന്നും പരം പറയുന്നു.
ആക്രമണം 10-15 മിനിറ്റ് നീണ്ടുനിന്നു, അതിനുശേഷം ബോധം വീണ്ടെടുത്തപ്പോൾ തന്റെ ടീമിലെ ഒരാളെ സഹായത്തിനായി വിളിക്കുകയായിരുന്നു എന്നും പരം പറയുന്നു. ആക്രമണത്തെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും, തലസ്ഥാനത്ത് ഒരു സ്വതന്ത്ര ക്വിയർ വ്യക്തിയായി ജീവിക്കുക എന്നാൽ എങ്ങനെയാണ് എന്ന് എടുത്തുകാണിക്കുന്നതിനായിട്ടാണ് ഈ വീഡിയോ ഷെയർ ചെയ്യാൻ തീരുമാനിച്ചത് എന്നും പരം പറഞ്ഞു. നിരവധിപ്പേരാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പരത്തിന് നേരെയുണ്ടായ അക്രമത്തെ അപലപിച്ചുകൊണ്ടും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.