
തമിഴ്‌നാട്ടിലെ ഈറോഡ് ജംഗ്ഷനിൽ, ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീണ യാത്രക്കാരിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ജീവനക്കാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ പങ്കിട്ടു, ഉദ്യോഗസ്ഥന്‍റെ സമയോചിതമായ നടപടിയെ റെയിൽവേ മന്ത്രാലയം പ്രശംസിച്ചു.
വീഡിയോ ദൃശ്യങ്ങളിൽ പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെട്ട ഒരു ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്ന ഒരു യുവതിയെ കാണാം. പെട്ടെന്ന് അവരുടെ കാൽ വഴുതി ട്രെയിനിനും റെയിൽവേ പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണുപോകുന്നു. ഈ സമയം പ്ലാറ്റ്ഫോമിലൂടെ നടന്നു വരികയായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥന്‍റെ ഞെടിയിടയില്‍ ഇടപെടുകയും ഓടിയെത്തി യുവതിയെ സുരക്ഷിതമായ സ്ഥലത്തേക്ക് വലിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ആയിരക്കണക്കിന് ആളുകൾ ആർപിഎഫ് ഉദ്യോഗസ്ഥന്‍റെ മനസ്സാന്നിധ്യത്തെയും വേഗത്തിലുള്ള പ്രതികരണത്തെയും പ്രശംസിച്ചു. റെയിൽവേ അപകടങ്ങൾ തടയുന്നതിൽ സേനയുടെ ജാഗ്രത എത്രത്തോളം നിർണായകമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ സംഭവം. നിരവധി ഉപയോക്താക്കൾ അദ്ദേഹത്തെ "യഥാർത്ഥ ജീവിതത്തിലെ നായകൻ" എന്ന് വിശേഷിപ്പിച്ചു. ഈ ഉദ്യോഗസ്ഥന്‍റെ പേരോ മറ്റ് വിവരങ്ങളോ സമൂഹ മാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.
യാത്രക്കാർ ഓടുന്ന ട്രെയിനുകളിൽ കയറാനോ അതിൽ നിന്ന് ചാടാനോ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ അപകടങ്ങൾ സംഭവിക്കുമ്പോഴും യാത്രക്കാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും റെയിൽവേ മന്ത്രാലയം ഓർമ്മിപ്പിക്കാറുണ്ടെങ്കിലും അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഈ സംഭവത്തിന് പിന്നാലെയും റെയിൽവേ മന്ത്രാലയം യാത്രക്കാരോട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് വീണ്ടും ആവശ്യപ്പെട്ടിട്ടു.