മുംബൈ മറൈൻ ഡ്രൈവിൽ വെച്ച് തന്റെയും സുഹൃത്തിന്റെയും ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ മധ്യവയസ്കനെ യുവതി ചോദ്യം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. അച്ഛന്റെ പ്രായമുണ്ടല്ലോ എന്നിട്ടും എങ്ങനെയിത് ചെയ്യാന്‍ തോന്നുന്നുവെന്ന് യുവതി. 

മുംബൈയിലെ പ്രശസ്തമായ മറൈൻ ഡ്രൈവിൽ ദൃശ്യങ്ങൾ അനുവാദമില്ലാതെ രഹസ്യമായി പകർത്തിയയാളെ ചോദ്യം ചെയ്യുന്ന യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. തങ്ങളുടെ പിതാവിന്റെ പ്രായമുള്ള ഒരാൾ ഇത്തരത്തിൽ പെരുമാറിയതിലെ ഞെട്ടലും രോഷവും പങ്കുവെച്ചുകൊണ്ടാണ് യുവതി വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

Add Asianetnews as a Preferred SourcegooglePreferred

മറൈൻ ഡ്രൈവിൽ കാഴ്ചകൾ ആസ്വദിച്ചു നിൽക്കുകയായിരുന്നു യുവതിയും സുഹൃത്തും. ഇതിനിടയിലാണ് അവിടെയുണ്ടായിരുന്ന ഒരാൾ യുവതികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തുന്നത് മറ്റൊരു യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇദ്ദേഹം വിവരം നൽകിയതിനെത്തുടർന്ന് യുവതി ആ വ്യക്തിയെ സമീപിക്കുകയും ഫോൺ പരിശോധിക്കുകയുമായിരുന്നു.

ഫോൺ പരിശോധിച്ചപ്പോൾ തന്റെയും സുഹൃത്തിന്റെയും അനുവാദമില്ലാതെ പകർത്തിയ നിരവധി ദൃശ്യങ്ങൾ കണ്ട യുവതി അയാളെ പരസ്യമായി ചോദ്യം ചെയ്തു. രാജീവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ആദ്യം 'വെറുതെ എടുത്തതാണ്' എന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. എന്നാൽ, യുവതി വിടാതെ ചോദ്യം ചെയ്തതോടെ മാപ്പ് പറയുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. 'ഞങ്ങളുടെ അച്ഛന്റെ പ്രായമുള്ള നിങ്ങൾക്ക് എങ്ങനെയാണ് ഇത് ചെയ്യാൻ തോന്നുന്നത്? എന്തിനാണ് പിന്നിൽ നിന്ന് എന്റെ ഫോട്ടോ എടുത്തത്?' എന്ന് യുവതി ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.

'ഒരു അപരിചിതൻ അറിയിച്ചതുകൊണ്ടാണ് ഇയാളുടെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടത്. പൊതുസ്ഥലങ്ങളിൽ പോലും സ്ത്രീകൾക്ക് സമാധാനമായി നിൽക്കാൻ കഴിയാത്ത അവസ്ഥയാണിത്. നമ്മളെ വെറും വസ്തുക്കളായി മാത്രം കാണുന്ന ഇത്തരം പ്രവർത്തികൾ അറപ്പുളവാക്കുന്നതാണ്' എന്ന് യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇത്തരം സാഹചര്യങ്ങളിൽ മിണ്ടാതിരിക്കരുതെന്നും പരസ്യമായി പ്രതികരിക്കണമെന്നും അവർ മറ്റു സ്ത്രീകളോട് ആഹ്വാനം ചെയ്തു.

View post on Instagram

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. 'പ്രായം ഇത്തരമൊരു പ്രവർത്തിക്ക് ന്യായീകരണമല്ല. ഇയാളെ പരസ്യമായി അപമാനിച്ചത് നന്നായി' എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. 'ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുന്നത് പോലെ, സ്വകാര്യത ലംഘിക്കുന്ന ഇത്തരം വ്യക്തികൾക്കും കനത്ത ശിക്ഷ നൽകണം' എന്ന് മറ്റൊരാൾ കുറിച്ചു.