
മുംബൈയിൽ പാനിപൂരിക്ക് 60 രൂപ കൂടുതലാണെന്ന് പരിഹസിച്ച റഷ്യൻ ഇൻഫ്ലുവൻസർ ഇറിന റുദകോവയ്ക്ക് ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോൾ കാര്യങ്ങളിൽ തിരിച്ചറിവ് ഉണ്ടായെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ. ദുബായ് ടെർമിനൽ 1 -ൽ പാനിപൂരിക്ക് 42 ദിർഹം, അതായത് ഏകദേശം 1,096 രൂപ വിലയുണ്ടെന്ന് കണ്ടതോടെയാണ് തന്‍റെ മുൻ വിമർശനം തെറ്റായിരുന്നുവെന്ന് അവർ തമാശയായി സമ്മതിച്ചത്. ഇതിന് പിന്നാലെയാണ് ഇറിന റുദകോവയ്ക്ക് ബോധോദയം ഉണ്ടായതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്.
“മുംബൈയിലെ ലോക്ഹണ്ഡ്വാല മാർക്കറ്റിലെ 60 രൂപയുടെ പാനിപൂരിയെക്കുറിച്ച് ഞാൻ ഒരുപാട് പരാതി പറഞ്ഞിരുന്നു. എന്നാൽ എനിക്ക് തെറ്റി. ഇപ്പോൾ ഞാൻ ദുബായ് ടെർമിനൽ 1 -ലാണ്. ഇവിടെ പാനിപൂരിക്ക് 42 ദിർഹം, ഏകദേശം 1,096 രൂപയാണ്. ഇത് കണ്ടപ്പോൾ ഞാൻ മുംബൈയിലേക്ക് തിരിച്ചുപോകുകയാണ്,” എന്നായിരുന്നു ചിരിച്ച് കൊണ്ട് റുദകോവയുടെ പുതിയ വീഡിയോയിലെ പ്രതികരണം.
ജൂലൈ 24 -ന് പങ്കുവെച്ച ആദ്യ വീഡിയോയിലാണ് സംഭവങ്ങളുടെ തുടക്കം. ലോക്ഹണ്ഡ്വാല മാർക്കറ്റിലെത്തിയ റുദകോവ വഴിയോര കച്ചവടക്കാരനോട് പാനിപൂരിയുടെ വില ചോദിച്ചു. 60 രൂപയാണെന്ന് കേട്ടതോടെ അതിശയത്തോടെ “60 രൂപ, 60 രൂപ” എന്ന് ആവർത്തിച്ചുകൊണ്ട് അവർ വിലയെ കളിയാക്കിയിരുന്നു. എന്നാൽ, പിന്നീട് ഓഗസ്റ്റ് ഒന്നിന് പങ്കുവെച്ച മറ്റൊരു വീഡിയോയിൽ അവർ പാനിപൂരി കഴിക്കുകയും രുചി ഇഷ്ടപ്പെട്ടതായി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദുബായിലെ വില കണ്ടതിനെക്കുറിച്ചുള്ള പുതിയ വീഡിയോ പുറത്തുവന്നത്. മുംബൈയിലെയും ദുബായിലെയും വിലയിലെ വൻ വ്യത്യാസം ചൂണ്ടിക്കാട്ടി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി.
റഷ്യൻ മോഡലും നടിയും ഡാൻസറുമായ ഇറിന റുദകോവ 20 -ാം വയസ്സിലാണ് ആദ്യമായി ഇന്ത്യയിലെത്തിയത്. ‘റിയാലിറ്റി ക്വീൻസ് ഓഫ് ദ ജംഗിൾ’ രണ്ടാം സീസണിലെ വിജയിയായ അവർ 2024 -ൽ ‘ബിഗ് ബോസ് മറാത്തി’ അഞ്ചാം സീസണിലെത്തിയ ആദ്യ വിദേശ മത്സരാർത്ഥിയുമായി. മറാത്തി സംസാരിക്കാനുള്ള ശ്രമങ്ങളിലൂടെ അവർ ഇന്ത്യയിൽ വലിയ തോതിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.